കേരള പബ്ലിക് സർവീസ് കമീഷൻ കൊല്ലം മേഖലാ, ജില്ലാ ഓഫീസുകൾക്കും ഓൺലൈൻ പരീക്ഷാകേന്ദ്രത്തിനുമായി നിർമിക്കുന്ന കെട്ടിടത്തിന്‌ 13ന്‌ വൈകിട്ട്‌ 4.30ന് മന്ത്രി കെ എൻ ബാലഗോപാൽ കല്ലിടും. പിഎസ്‌സി ചെയർമാൻ എം ആർ ബൈജു അധ്യക്ഷനാകും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ് തുടങ്ങിയവർ പങ്കെടുക്കും. 

മുണ്ടയ്ക്കൽ വില്ലേജിൽ ഗവ. ടിടിഐക്ക് സമീപത്തായി 2018ൽ എൽഡിഎഫ് സർക്കാർ അനുവദിച്ച 36 സെന്റ്‌ സ്ഥലത്താണ്‌ ആറു നിലകളിലായി 43,000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിക്കുന്നത്. നിർമാണത്തിനായി 12.34 കോടി രൂപയുടെ കരാറായി. 1972ൽ കൊല്ലത്ത് പിഎസ്‌സി ഓഫീസ് അനുവദിച്ചത് മുതൽ വാടക കെട്ടിടത്തിലാണ്. 1995ൽ അനുവദിച്ച കൊല്ലം മേഖലാ ഓഫീസ് എസ്എൻ കോളേജിന് സമീപത്തായിരുന്നു. 2003 മുതലാണ്‌ രണ്ട് ഓഫീസുകളും ആണ്ടാമുക്കത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്‌. 

ജില്ലയിലെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ പരീക്ഷകൾക്കായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് കെട്ടിടം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും. ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ എണ്ണൂറിലധികം ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമുണ്ടാകും. മന്ത്രി കെ എൻ ബാലഗോപാൽ 2022-–-2023 വർഷത്തെ ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. പിഎസ്‌സിക്ക്‌ ലഭിച്ച സ്ഥലം വിട്ടുകൊടുക്കാൻ 2017ലാണ്‌ കോർപറേഷൻ തീരുമാനിച്ചത്‌. തുടർന്ന്‌ 2018ൽ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി.