വോൾട്ടേജ് ‌വ്യതിയാനമില്ലാതെ സുസ്ഥിരമായി വൈദ്യുതി വിതരണംചെയ്യാൻ തേവലക്കരയിലും ചിതറയിലും 110 കെവി സബ്‌സ്റ്റേഷനുകൾക്ക് അനുമതി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കാൻ സബ്‌സ്റ്റേഷൻ വേണമെന്ന ദീർഘകാല ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഒരു വാഗ്‌ദാനം കൂടി ജില്ലയിൽ നിറവേറുകയാണ്‌.
തേവലക്കരയിൽ 31 കോടി രൂപ വിനിയോഗിച്ചാണ്‌ സബ്‌ സ്‌റ്റേഷൻ നിർമിക്കുക. ഇത്‌ യാഥാർഥ്യമാകുന്നതോടെ പ്രദേശങ്ങളിലെ വോൾട്ടേജ്‌ ക്ഷാമം പൂർണമായും പരിഹരിക്കപ്പെടും. മൺറോതുരുത്ത്‌ പഞ്ചായത്തിലെ പെരുങ്ങാലം, കിടപ്രം വടക്ക്‌ വാർഡുകൾക്കും ഇവിടെനിന്നും വൈദ്യുതി ലഭ്യമാകും. തേവലക്കര സബ്‌സ്റ്റേഷനിലേക്ക് സപ്ലൈ എത്തുന്നത് ശാസ്താംകോട്ട സബ്‌സ്റ്റേഷനിൽനിന്നും ആയിരിക്കും. ശാസ്‌താംകോട്ടയിലേക്ക്‌ കുണ്ടറ, ആലപ്പുഴ, ഇടപ്പോൺ സബ്‌സ്‌റ്റേഷനുകളിൽനിന്ന്‌ വൈദ്യുതി എത്തിക്കാനാകുന്നതിനാൽ വിതരണത്തിന്‌ തടസ്സം നേരിടില്ലെന്ന പ്രത്യേകത കൂടിയുണ്ട്‌. മാത്രമല്ല ട്രാൻസ്‌ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ശാസ്താംകോട്ട സബ്‌സ്റ്റേഷൻ 220കെവിയായി ഉയർത്തുന്നതോടെ വിതരണം മികച്ച നിലവാരത്തിലുമാകും. റെയിൽവേ ലൈൻ ഉള്ളതിനാൽ കരുനാഗപ്പള്ളി സബ്‌ സ്റ്റേഷനിൽനിന്ന്‌ തേവലക്കര ഭാഗത്തേക്ക്‌ വൈദ്യുതി എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്‌. ഇതിനെ തുടർന്ന്‌ ചവറ സബ്‌ സ്റ്റേഷനിൽനിന്നാണ്‌ ഇവിടെ വൈദ്യുതി എത്തിക്കുന്നത്‌. എന്നാൽ, ചവറയിൽ തടസ്സം നേരിട്ടാൽ പകൽ പോലും തേവലക്കര പ്രദേശങ്ങളിൽ സപ്ലൈ നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്‌.
കിഴക്കൻ മലയോരമേഖലയിൽ മെച്ചപ്പെട്ട വൈദ്യുതിവിതരണം സാധ്യമാക്കാൻ ചിതറയിൽ 110 കെവി സബ്‌സ്റ്റേഷൻ വേണമെന്നതും ദീർഘകാല ആവശ്യമായിരുന്നു. നിലവിൽ കടയ്‌ക്കലിൽ 33 കെവി സ്‌ബ്‌ സ്‌റ്റേഷൻ മാത്രമാണുള്ളത്‌. കടയ്ക്കൽ, ചിതറ മേഖലയിലെ വോൾട്ടേജ്‌ ക്ഷാമം പരിഹരിക്കാൻ പുതിയ സബ്‌ സ്‌റ്റേഷന്‌ കഴിയും. 11.20 കോടി രൂപ വനിയോഗിച്ചാണ്‌ നിർമാണം.