
13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം
കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ചടയമംഗലം നിയോജക മണ്ഡലത്തില്‍ നടത്തുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ജൂണ്‍ 22ന് രാവിലെ 11ന് മാര്‍ത്തോമാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സില്‍വര്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും.
പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതനാശയങ്ങള്‍ വികസിപ്പിക്കാനും, പ്രാവര്‍ത്തികമാക്കാനും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകും. സാങ്കേതികവിദ്യയില്‍ പുതിയ ദിശകള്‍ സൃഷ്ടിക്കുക, സാമൂഹിക രൂപീകരണത്തിന് വഴിയൊരുക്കുക, പുത്തന്‍ ആശയങ്ങളും ഉല്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമായി മാറാന്‍ അനുകൂലവും ആരോഗ്യപരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
സ്‌കൂള്‍, കോളജ്, ഗവേഷണ തലത്തില്‍ ഉള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് yip.kerala.gov.in ല്‍ പ്രീ-രജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കി ആശയങ്ങള്‍ സമര്‍പ്പിക്കാം.
പരിപാടിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയാകും.






