
മലപ്പുറം:
എഐ ക്യാമറ പ്രവർത്തിച്ചു തുടങ്ങിയതോടെ ഒട്ടുമിക്ക ആളുകളും ഗതാഗത നിയമങ്ങൾ പാലിച്ചുതുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. കാരണം എഐ ക്യാമറുടെ കണ്ണുവെട്ടിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചില വിരുതന്മാർ ഇപ്പോഴും എഐ ക്യമറയെ എങ്ങനെ പറ്റിക്കാമെന്നാണ് ആലോചിക്കുന്നത്. അങ്ങനെ വല്ല ചിന്തയും മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ നിർത്തുന്നതായിരിക്കും നല്ലത്.കാരണം എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്.നമ്പർ പ്ലേയ്റ്റ് മറച്ചുപിടിച്ച് ക്യാമറയുടെ കണ്ണുവെട്ടിച്ച് പോകാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ നമ്പർ പ്ലേയ്റ്റ് മറച്ചുപിടിച്ച് എഐ ക്യാമറയ്ക്ക് മുന്നിലൂടെ പോവുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽമീഡിയിയൽ വൈറൽ ആയിരുന്നു.ഇത് കണ്ട് ഇനി ഇങ്ങനെ ചെയ്താൽ മതിയല്ലോ എന്ന് വിചാരിച്ചെങ്കിൽ തെറ്റി.ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത് എഐ ക്യാമറുടെ മുന്നിലെത്തിയപ്പോൾ നമ്പർ പ്ലേറ്റ് കൈ കൊണ്ട് മറച്ച് പോയ വിദ്യാർത്ഥിക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.
നിയമലംഘനം നടത്തിയ വിദ്യാർത്ഥിയെ കഴിഞ്ഞദിവസം ഉച്ചാരക്കടവിൽ നിന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. വിദ്യാർത്ഥി ചെയ്ത നിയമലംഘനങ്ങൾക്കെല്ലാം കൂടി 13000 രൂപയാണ് പിഴയിട്ടത്. ലൈസൻസ് റദ്ദാക്കാനായി ആർടിഒയ്ക്ക് അപേക്ഷ നൽകുകയും ചെയ്തു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം ആർടിഒ തുടർ നടപടി സ്വീകരിക്കും. ഉച്ചാരക്കടവിൽ നിന്നു പിടികൂടിയ വാഹനം ആർസിയിൽ പേരുള്ള ഉടമയുടെ കൈവശമല്ല ഇപ്പോൾ ഉള്ളത്. ഉടമ വിറ്റ ശേഷം 2 തവണ വാഹനം കൈമാറ്റം ചെയ്തു. എന്നിട്ടും വെറും രണ്ട് മണിക്കൂർ കൊണ്ടാണ് നിയമലംഘനം നടത്തിയ ആളെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. വാഹനത്തിന്റെയും അത് അതിലുള്ള ആളുടെയും ചിത്രം വളരെ വ്യക്തമായി തന്നെ ക്യാമറിയിൽ പതിഞ്ഞിരുന്നു. നമ്പർപ്ലേറ്റ് മറച്ചാലും ചിത്രത്തിൽ നിന്ന് ആളുകളെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് എൻഫോഴ്സ്നമെന്റ് വിഭാഗം പറയുന്നത്.
ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ കൈ കൊണ്ട് നമ്പർ പ്ലേറ്റിന്റെ ഭാഗം മറയ്ക്കുകയോ, നമ്പർ പ്ലേറ്റിലെ അക്കങ്ങൾ കടലാസ് ഉപയോഗിച്ച് മറയ്ക്കുകയോ ഒക്കെയാണ് ചെയ്യാറ്.






