
പാപനാശം ഹെലിപ്പാഡിലെ കുന്നിൽനിന്നും വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് തെങ്കാശി പുളിയങ്ങുടി സുബ്രഹ്മണ്യസ്വാമി കോവിൽ സ്വദേശി സതീഷ് (31) ആണ് ശനി രാത്രി 12.30ഓടെ 50 അടിയോളം താഴ്‌ചയിലേക്ക് വീണത്. നട്ടെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു. സഹോദരനോടും രണ്ട് സുഹൃത്തുക്കളോടും ഒപ്പം ശനിയാഴ്‌ചയാണ് സതീഷ് വർക്കലയിലെത്തിയത്. രാത്രിയിൽ കുന്നിന് മുകളിലൂടെ നടക്കുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ടൂറിസം പൊലീസെത്തി ഉടൻ ഫയർഫോഴ്സിലും വർക്കല പൊലീസിലും വിവരമറിയിച്ചു.
ഫയർഫോഴ്സ് ജീവനക്കാർ കയറും വലയും ഉപയോഗിച്ച് ഒന്നരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ ഇയാളെ മലമുകളിലെത്തിച്ചു. ഇരുട്ടും കുന്നിന്റെ ഉയരവും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സതീഷിനെ വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.





