
റവന്യൂ വകുപ്പിൽ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾഫ്രീ നമ്പർ ശനിയാഴ്ച (ജൂൺ 10ന്) നിലവിൽ വരും.
1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാം. ടോൾ ഫ്രീ നമ്പറിൽ വിളി ക്കുമ്പോൾ വോയ്‌സ് ഇന്ററാക്ടീവ് നിർദ്ദേശ പ്രകാരം ആദ്യം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതും ഒന്ന് (1) ഡയൽ ചെയ്താൽ സംശയ നിവാരണത്തിനും രണ്ട് ( 2 ) ഡയൽ ചെയ്താൽ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്‌റർ ചെയ്യാനാകും. അഴിമതി സംബന്ധിച്ച പരാതികൾ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് പ്രത്യേകമായ ഓൺലൈൻ പോർട്ടലും ഉടൻ നിലവിൽ വരും. നിലവിലുള്ള റവന്യു ടോൾ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികൾ കൂടി അറിയിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയത്.
പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി കേസിൽ അറസ്റ്റിലായതിനെ തുടർന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടോൾ ഫ്രീ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.






