തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമിട്ട് ചിറയിൻകീഴ് പഞ്ചായത്തും കൃഷിഭവനും. ശാർക്കര വലിയകടയിൽ വീട്ടിൽ റിട്ട. ബാങ്ക് അസിസ്റ്റന്റ് മാനേജരായ ശിവദാസൻ നായരുടെ കൃഷിയിടത്തിലാണ് കൃഷിഭവന്റെയും തൊഴിലുറപ്പ് സംഘാംഗങ്ങളുടേയും സഹായത്തോടെ ഞാറ്റുവേല കൃഷി ആരംഭിച്ചത്. കഴിഞ്ഞ 50 വർഷമായി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കുടുംബമാണ് ശിവദാസൻ നായരുടേത്. ജൂലൈ ആറുവരെയാണ് ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല. 

കൃഷിഭവൻ ജീവനക്കാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ തെങ്ങിന്‍ ചുവടുകളില്‍ ഉള്‍പ്പെടെ വരമ്പ് തീർത്തും തടങ്ങൾ ഒരുക്കിയും വിവിധയിനം വിത്തുകളും കുരുമുളകിന്റേതുൾപ്പെടെയുള്ള തൈകളും നട്ടാണ് ചിറയന്‍കീഴില്‍ ഈ വര്‍ഷത്തെ ഞാറ്റുവേല കൃഷിയാരംഭിച്ചത്. “സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിലൂടെ ധാരാളം യുവാക്കളും കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്. പഴമക്കാർ സമ്മാനിച്ചു പോയ ഞാറ്റുവേലപോലുള്ള സംസ്കാരം പുതിയ തലമുറയ്ക്കായി നിലനിർത്താന്‍ സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ മുഖാന്തരം സാധിക്കുമെന്ന് ശിവദാസൻ നായർ പറഞ്ഞു. വാർഡംഗം ശിവപ്രഭ, കൃഷി ഓഫീസർ ജയകുമാർ,  അനിൽകുമാർ, സിന്ധു, കാർത്തിക എന്നിവർ പങ്കെടുത്തു.


error: Content is protected !!