മനുഷ്യനും റോബോട്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് എന്ന് ചോദിച്ചാൽ, നിരവധി കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരം റോബോട്ടുകൾക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാനുള്ള ശേഷി ഇല്ല എന്നതായിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ആ ഉത്തരത്തിന് പ്രസക്തിയില്ലാതായി.മറ്റൊരു വ്യത്യാസമായി ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത് ശാരീരികമായ പ്രത്യേകതകൾ ആയിരുന്നു. മനുഷ്യരെപ്പോലെ റോബോട്ടുകൾ ശ്വസിക്കുകയോ, വിയർക്കുകയോ, വിറയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നാൽ ഈ വ്യത്യാസവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. അ‌തെ മനുഷ്യരെപ്പോലെ വിയർക്കുകയും ശ്വസിക്കുകയും വിറയ്ക്കുകയുമൊക്കെ ചെയ്യുന്ന റോബോട്ടുകളെ സൃഷ്ടിച്ചിരിക്കുകയാണ് ​ഒരുസംഘം ഗവേഷകർ. ‘ANDI’ എന്നാണ് ഈ റോബോട്ടിന് പേരിട്ടിരിക്കുന്നത്.അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അമേരിക്കയിലെ തെർമെട്രിക്സ് എന്ന കമ്പനിയാണ് ANDI ROBOT (ആൻഡി) എന്ന ഈ എഐ പിന്തുണയുള്ള റോബോട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരെപ്പോലെ വിയർക്കുകയും ശ്വസിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ എഐ റോബോട്ടാണ് ആൻഡി. റോബോട്ടുകളുടെ നിർമാണത്തിലെ നിർണായകമായ ഒരു ചുവടുവയ്പ്പായാണ് ആൻഡി റോബോട്ട് വിലയിരുത്തപ്പെടുന്നത്. “തെർമൽ മാനെക്വിൻ” എന്നും അറിയപ്പെടുന്ന ആൻഡി, മനുഷ്യശരീരത്തിൽ താപത്തിന്റെയും തീവ്രമായ താപനിലയുടെയും ഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കോൺറാഡ് റൈകാസെവ്സ്കി വ്യക്തമാക്കി.

‘ആൻഡി’ റോബോട്ട് വിയർക്കുകയും നടക്കുകയും ശ്വസിക്കുകയും ചെയ്യുമെന്നും അ‌ദ്ദേഹം അ‌വകാശപ്പെട്ടു.മനുഷ്യശരീരത്തിൽ കാണപ്പെടുന്നതിന് സമാനമായ സുഷിരങ്ങളുള്ള 35 വ്യക്തിഗത നിയന്ത്രിത പ്രതലങ്ങൾ ആൻഡി റോബോട്ടിലുണ്ട്. ഇത് വ്യത്യസ്ത താപനിലകളുമായി പൊരുത്തപ്പെടാൻ അനുവദിക്കുന്നു. “ഈ തെർമൽ മാനെക്വിൻ ഉപയോഗിച്ച്, നമുക്ക് മനുഷ്യശരീത്തിലെ താപനില യ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനും അ‌വ എത്രവേഗത്തിൽ വർധിക്കുന്നുവെന്ന് നിരീക്ഷിക്കാനും കഴിയുമെന്ന് റൈകാസെവ്സ്കി പറയുന്നു

.ചൂട് മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നന്നായി മനസ്സിലാക്കുക എന്നതാണ് ഈ റോബോട്ടിന്റെയും പഠനത്തിന്റെയും ലക്ഷ്യം. നിർണായകമായ ഈ ഗവേഷണത്തിലൂടെ ചൂടിനെ നമുക്ക് അതിനെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നും അ‌ദ്ദേഹം പറയുന്നു. അ‌തേസമയം അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജെന്നി വാനോസ്, ആൻഡിയുടെ ഔട്ട്ഡോർ കഴിവുകളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടുന്നു. “പരീക്ഷണ ആവശ്യങ്ങൾക്കായി നമുക്ക് മനുഷ്യരെ അപകടകരമായ കൊടും ചൂടിലേക്ക് തള്ളിവിടാനാകില്ല. ഫീനിക്സ് പോലുള്ള സ്ഥലങ്ങളിൽ ചൂട് കാരണം ആളുകൾ മരിക്കുന്ന സാഹചര്യങ്ങളുണ്ട്, അതിന് പിന്നിലെ കാരണങ്ങൾ നമുക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല. ഈ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആൻഡി സഹായിക്കും” എന്ന് ജെന്നി വിശദീകരിച്ചു.