
സംസ്ഥാനത്ത് കോഴിവില വർധിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. ചെറുകിട കർഷകരുടെയും വ്യാപാരികളുടെയും ഉപജീവന മാർഗം തടസ്സപ്പെടുത്തുന്ന വിലവർധനവിനെതിരെ കടയടച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നേരത്തേ ചൂടുണ്ടായിരുന്ന സമയത്ത് കോഴിയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതുമൂലം വിലവർധന ഉണ്ടായിരുന്നു, എന്നാൽ മഴ തുടങ്ങി ഉൽപാദനം വർധിച്ചിട്ടും വില കുറയ്ക്കുന്നതിന് പകരം തമിഴ്നാട് ഉൾപ്പെടെയുള്ള ഉൽപാദന, വിപണന ലോബികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ട്രോളിങ് നിരോധനം തുടങ്ങി മീൻ കൂടി ലഭ്യമല്ലാതാകുന്നതോടെ കോഴിവില ഇനിയും കൂടുമെന്ന ആശങ്കയുണ്ട്.
നേരത്തേയുണ്ടായിരുന്നതിൻറെ നാലിലൊന്ന് കച്ചവടം പോലും ഇപ്പോൾ നടക്കുന്നില്ല. സീസൺ അല്ലാതിരുന്നിട്ടുപോലും വിലവർധന തുടരുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം എന്നാണ് വ്യാപാരികൾപറയുന്നത്. വില നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു



