
ചിറയിൻകീഴ്
മുതലപ്പൊഴിയിൽനിന്ന് മീൻപിടിക്കാൻ പോയ താങ്ങുവള്ളം എൻജിൻ തകരാറിലായി കടലിൽപ്പെട്ടു. തിങ്കൾ വൈകിട്ട് 5.30ന് മുതലപ്പൊഴിയിൽ നിന്ന് 22 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ഹസീബയെന്ന കെഎൽ 02 എംഎം 4207 നമ്പർ വള്ളമാണ് വേളിക്കടുത്ത് ഉൾക്കടലിൽപ്പെട്ടത്. ആലംകോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകരാറിലായത്.
മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തിയുടെ നിർദേശപ്രകാരം രാത്രി 9.10ഓടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ രക്ഷാബോട്ടെത്തിച്ച് തകരാറിലായ ബോട്ടിനെ കരയ്‌ക്കെത്തിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ അനന്തുവിന്റെ നേതൃത്വത്തിൽ ലൈഫ്ഗാർഡുമാരായ ഷിമയോൺ, തങ്കരാജ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.






