
തൃക്കോവിൽവട്ടം തട്ടാർകോണം ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ തട്ടാർകോണം മിൽക്ക് വിപണിയിലേക്ക്. സഹകരണ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തികസഹായം നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെയാണ് തട്ടാർകോണം മിൽക്ക് വിപണിയിലെത്തുന്നത്.

സംഘത്തിന് ഡെയറി പ്ലാന്റ് ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ പാലിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന നവനീതം പദ്ധതിയിലൂടെ മൂന്നുലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം സംഘത്തിന്റെ 17 ലക്ഷം രൂപ കൂടി വിനിയോഗിച്ചാണ് തട്ടാർകോണം മിൽക്കിന്റെ ഉൽപ്പാദനം. നവനീതം പദ്ധതിയിലൂടെ സിപ്അപ്, നെയ്യ് എന്നിവയാണ് സംഘത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.

ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം നിർവഹിച്ചു. പാലുൽപ്പാദനത്തിൽ സംസ്ഥാനം 90 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചു. വാഹന സൗകര്യത്തോടെ ബ്ലോക്ക് അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുന്ന പദ്ധതി ആഗസ്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനായി. സംഘത്തിന്റെ ആദ്യകാല പ്രവർത്തകരെ എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, വികസന സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ യശോദ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സതീഷ് കുമാർ, സുർജിത് പ്രകാശ്, ടി വിലാസിനി, ടി ജയപ്രസാദ്, സംഘം പ്രസിഡന്റ് ഉഷസ് എന്നിവർ സംസാരിച്ചു.





