വ്യാവസായിക പരിശീലന വകുപ്പിന്റെ ‘Excellentia 23’ അവാർഡ് ദാനവും വികസനരേഖാ പ്രകാശനവും YIP ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ആധുനിക കോഴ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവൽക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പഠനത്തോടൊപ്പം തൊഴിൽ നൽകുന്ന പദ്ധതിയായ കർമചാരി മാതൃകയിൽ പദ്ധതി ഐ.ടി.ഐകളിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഐ.ടി.ഐ ട്രെയിനികളിൽ പുത്തൻ ആശയം കൊണ്ടുവരുന്നതിനും പ്രവൃത്തി പഥത്തിലേയ്ക്ക് എത്തിക്കുന്നതിനുമായാണ് ഓരോ ഐ.ടി.ഐയിലും കെ-ഡിസ്കിന്റെ സഹകരണത്തോടെ വൈ.ഐ.പി അഥവാ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ക്ലബ് ആരംഭിക്കുന്നത്.

KDISC – യുടെ മുൻനിര ഇന്നവേഷൻ പരിപാടിയായ വൈ.ഐ.പിയിലൂടെ സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, നോൺ ടെക്‌നിക്കൽ ആൻഡ് പോളിടെക്‌നിക്, എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തവും സ്‌കൂളുകളിലും കോളേജുകളിലും നൂതന സംസ്‌കാരം വളർത്തുന്നതിനും അദ്ധ്യാപകർക്ക് ചുമതലയും ഉത്തരവാദിത്തവും കൂടുതലായി നൽകുവാനും പട്ടികജാതി – പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ നിന്നുളളവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

കൃഷി, വനം, സസ്യശാസ്ത്രം, മൃഗസംരക്ഷണം, ജലസംരക്ഷണം, പരമ്പരാഗത വ്യവസായം, കുട്ടികളുടെ പ്രശ്‌നങ്ങൾ, പ്രായമായവരുടെ പ്രശ്‌നങ്ങൾ, ദുരന്ത നിവാരണം, മഹാമാരി – അനന്തര ഇന്നവേഷനുകൾ തുടങ്ങി 22 പ്രസക്തമായ വിഷയങ്ങളിലാണ് വൈ.ഐ.പി ശ്രദ്ധയൂന്നുന്നത്.

സ്വന്തമായി സ്ഥലമുള്ള ഐ.ടി.ഐകളിൽ അടുത്ത മൂന്ന് വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖ ബന്ധപ്പെട്ട ഐ.ടി.ഐകളിലെ പ്രിൻസിപ്പാൾ, ജീവനക്കാർ, പി.റ്റി.എ എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. വികസനരേഖ തയ്യാറാക്കിയതിലൂടെ ഭാവിയിൽ ഐ.ടി.ഐകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്കനുസൃതമായി ബഡ്ജറ്റിൽ തുക വകയിരുത്തുന്നതിനും ഈ തുക ലഭ്യമാക്കി സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും സാധിക്കും. ഐ.ടി.ഐകളുടെ മാസ്റ്റർ പ്ലാൻ നിലവിൽ വകുപ്പിന്റെ ഐ.ടി. സെല്ലി-ന്റെ നേതൃത്വത്തിൽ വികസിപ്പിച്ച സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഐ.ടി.ഐകളിൽ മികച്ച പരിശീലനം ഉറപ്പാക്കുന്നതിനും, ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെയ്ക്കുന്ന പദ്ധതിയാണ് ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി പ്രകാരം ഐ.ടി.ഐകൾക്ക് ഗ്രേഡുകൾ കരസ്ഥമാക്കാവുന്നതും ഈ ഗ്രേഡിനനുസരിച്ച് 1 മുതൽ 5 വരെ സ്റ്റാർ പദവി ലഭിക്കുന്നതുമാണ്.

2020 ജനുവരി ഒന്ന് മുതൽ 2022 ജനുവരി 31 വരെയുള്ള കാലഘട്ടത്തിലെ പ്രവർത്തന മികവാണ് 2022 വർഷത്തിലെ ഗ്രേഡിംഗ് പദ്ധതിയ്ക്കായി പരിഗണിച്ചിരുന്നത്. കേന്ദ്ര തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗിന്റെ ഐ.ടി.ഐ ഗ്രേഡിംഗിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 50 അളവ് സൂചികകൾ ആണ് പരിശോധനയ്ക്കായി ഉൾപ്പെടുത്തിയിരുന്നത്. ഗ്രേഡിംഗ് ഓഫ് ഐ.ടി.ഐ പദ്ധതി 2022-ലേയ്ക്ക് പങ്കെടുക്കുന്നതിനായി 407 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷനായി. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോക്ടർ വീണ എൻ മാധവൻ, അഡീഷണൽ ഡയറക്ടർ ശിവശങ്കരൻ കെ പി തുടങ്ങിയവർ പങ്കെടുത്തു.