ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ഒന്നാണ് ഗെയിമിംഗ് ആസക്തി. സ്മാര്‍ട്ട് ഫോണുകളുടെ പ്രചാരം വര്‍ധിച്ചതോടെ മൊബൈല്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമയായി എന്ന് തന്നെ പറയാം. മൊബൈല്‍ ഗെയിം കളിച്ച് നിരവധി പേര്‍ക്ക് പണം നഷ്ടമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ചൈനയില്‍ നിന്ന് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

13 കാരിയുടെ മൊബൈല്‍ ഗെയിം ആസക്തി മൂലം കുടുംബത്തിന് നഷ്ടമായിരിക്കുന്നത് അരക്കോടിയിലേറെ രൂപയാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗെയിം കൂടുതല്‍ നന്നായി കളിക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ ആക്സസ് ചെയ്യുന്നതിനായി പണം ചെലവഴിക്കാന്‍ ഗെയിമര്‍മാരോട് നിര്‍ദേശിക്കുന്ന ഓപ്ഷനുകള്‍ മിക്ക മൊബൈല്‍ ഗെയിമുകളിലുമുണ്ട്.

ഇത് വഴിയാണ് വാങ് എന്ന സ്ത്രീയുടെ കുടുംബത്തിന് തങ്ങളുടെ സമ്പാദ്യമത്രയും നഷ്ടമായത്. വാങിന്റെ 13 വയസുകാരിയായ മകളാണ് ഗെയിം വഴി കുടുംബത്തിന് ഇത്തരത്തിലൊരു ദുരവസ്ഥ സമ്മാനിച്ചത്. വെറും നാല് മാസത്തിനുള്ളില്‍ 449500 യുവാന്‍ (ഏകദേശം 52,19,809 രൂപ) ആണ് വാങിന്റെ മകള്‍ ഗെയിമിനായി ചിലവഴിച്ചത്. വെറും അഞ്ച് രൂപ മാത്രമാണ് വാങിന്റെ അക്കൗണ്ടില്‍ ഇനിയുള്ളത്.

13 കാരിയുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം പെണ്‍കുട്ടിയുടെ അധ്യാപിക ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ അധ്യാപിക ആദ്യം വിവരം സ്‌കൂള്‍ അധികൃതരോടും പിന്നീട് മാതാപിതാക്കളോടും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ ഗെയിമിംഗിന് അടിമയാണ് എന്നും അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും വാങും ഭര്‍ത്താവും അറിയുന്നത്. മൊബൈല്‍ ഗെയിമുകള്‍ക്കായി മകള്‍ തന്റെ അക്കൗണ്ടില്‍ നിന്ന് നടത്തിയ നിരവധി പേയ്മെന്റുകളുടെ സ്റ്റേറ്റ്‌മെന്റ് വാങ് ശേഖരിച്ചു. ഇതില്‍ നിന്നാണ് തന്റെ സമ്പാദ്യത്തില്‍ ഇനി വെറും അഞ്ച് രൂപ മാത്രമെ ബാക്കിയുള്ളൂ എന്ന് വാങ് തിരിച്ചറിയുന്നത്. മൊബൈല്‍ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി 120000 യുവാന്‍ (ഏകദേശം 13,93,828 രൂപ) ചെലവഴിച്ചു എന്ന് 13 കാരി പിതാവിനോട് സമ്മതിച്ചിട്ടുണ്ട്.

ഗെയിമുകളിലെ ടൂള്‍ ആക്‌സസ് ചെയ്യാന്‍ 210,000 യുവാന്‍ (ഏകദേശം 24,39,340 രൂപ) ചെലവഴിച്ചതായും അവള്‍ സമ്മതിച്ചു. കൂടാതെ, തന്റെ സഹപാഠികളില്‍ 10 പേര്‍ക്ക് ഗെയിം വാങ്ങി നല്‍കാന്‍ 100000 യുവാന്‍ (ഏകദേശം 11,61,590 രൂപ) ചെലവഴിച്ചു എന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ലഭിച്ച ഡെബിറ്റ് കാര്‍ഡ് വഴിയാണ് പണം നല്‍കിയത് എന്നും പെണ്‍കുട്ടി പറയുന്നു. ഡെബിറ്റ് കാര്‍ഡിന്റെ പാസ്‌വേര്‍ഡ് ഒരിക്കല്‍ അമ്മ പറഞ്ഞ് തന്നത് ഓര്‍മയിലുണ്ടായിരുന്നു എന്നും കുട്ടി പറഞ്ഞു. സംഭവം ഇതിനോടകം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധിക്കാതിരുന്നതിനാലാണ് മാതാപിതാക്കള്‍ ഇത്തരത്തില്‍ കനത്ത വിലയൊടുക്കേണ്ടി വന്നത് എന്നാണ് പലരുടേയും വിമര്‍ശനം. 2022 ല്‍ മക്ഗില്‍ സര്‍വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട്ഫോണിന് ഏറ്റവും കൂടുതല്‍ പേര്‍ അടിമപ്പെട്ടിരിക്കുന്നത് ചൈനയിലാണ്.

error: Content is protected !!