
പൊതുവിതരണ സ്ഥാപനമെന്ന നിലയിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി പഞ്ചാബ് എക്‌സൈസ്, ടാക്‌സേഷൻ വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്മെന്റും എക്സൈസ് അഡ്മിനിസ്ട്രേഷനിലെ മികച്ച രീതികളും, റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ പിഒഎസ് സ്ഥാപിക്കുന്നതും മദ്യ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പഠനമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.കോർപ്പറേഷൻ പരിപാലിക്കുന്ന മദ്യ വിതരണ ശൃംഖലയുടെ വിവിധ വശങ്ങൾ പഠിക്കുന്നതിനായി കേരള എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണുന്നതിന് പ്രതിനിധി സംഘം ജൂലൈ 30 ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (കെഎസ്ബിസി) ഓഫീസ് സന്ദർശിക്കും.ജൂലൈ 28 മുതൽ ആഗസ്റ്റ് 1 വരെയുള്ള സന്ദർശനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച, ബിവറേജസ് ഔട്ട് ലൈറ്റുകളുടെ സന്ദർശനം എന്നിവ ഉൾപ്പെടും. കൂടിക്കാഴ്ചയിൽ പഞ്ചാബ് ഗവൺമെന്റിന്റെ സ്‌നേഹോപഹാരം മന്ത്രിക്ക് സമ്മാനിച്ചു.അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എക്‌സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ്, ഡപ്യൂട്ടി കമ്മീഷണർ ബി രാധാകൃഷ്ണൻ എന്നിവർ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നടന്ന കുടിക്കാഴ്ചയിൽ പങ്കെടുത്തു.പഞ്ചാബ് ഫിനാൻഷ്യൽ കമ്മീഷണർ – ടാക്‌സേഷൻ വികാസ് പ്രതാപ്, എക്‌സൈസ് കമ്മീഷണർ വരുൺ റൂജം, എക്‌സൈസ് ജോയിന്റ് കമ്മീഷണർ രാജ്പാൽ സിംഗ് ഖൈറ, എക്‌സൈസ് കമ്മീഷണറുടെ ഒ എസ് ഡി അശോക് ചലോത്ര എന്നിവർ ഉന്നതതല സംഘത്തിലുണ്ട്.






