
ചിതറയിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ആദിവാസി ഊരുകളിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൂക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി പ്രിജിത്ത് അധ്യക്ഷനായി. ഓണത്തിന് പൂക്കളം ഒരുക്കുന്നതിനാവശ്യമായ പൂവ് കൃഷിചെയ്ത് വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. ശാസ്ത്രീയമായ രീതിയിലാണ് കൃഷി. 70 ദിവസംകൊണ്ട് വിളവെടുക്കാം. പ്രദേശത്തെ വയലുകളിൽ നെൽക്കൃഷി ചെയ്യുന്നുണ്ട്. പൂക്കൃഷികൂടി നടത്തുന്നതിലൂടെ ചാഴി, കീടം, വണ്ട് എന്നിവയുടെ ശല്യം ഒഴിവാക്കാൻ കഴിയും. ബയോ എൻജിനീയറിങിന്റെ ഭാഗമായാണ് നെല്ലിനുസമീപം പൂവ് കൃഷിചെയ്യുന്നത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി പതിനായിരം ജമന്തിത്തൈകൾ നട്ടുപിടിപ്പിക്കും. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ മടത്തറ, കൃഷി ഓഫീസർ ഷൈസ്, പ്രവീൺ എന്നിവർ സംസാരിച്ചു.



