വിവാഹത്തിന് തൊട്ടുമുന്‍പ് പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയ യുവതിയെ വരനൊപ്പം പോകാന്‍ അനുവദിച്ച് മജിസ്‌ട്രേറ്റ്. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മിലുള്ള വിവാഹമാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. അല്‍ഫിയ കാമുകനായ അഖിലിനെ വിവാഹം കഴിക്കുന്നതിനായാണ് കോവളത്തെത്തിയത്.എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുന്നതിന് തൊട്ടുമുമ്പ് കായംകുളം പൊലീസ് എത്തി അല്‍ഫിയയെ കൊണ്ടുപോകുകയായിരുന്നു. അല്‍ഫിയയുടെ ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മാന്‍ മിസിംഗ് പരാതി ലഭിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയെ കൊണ്ടുപോയേ തീരൂ എന്നുമായിരുന്നു കായംകുളം പൊലീസ് പറഞ്ഞത്. എന്നാല്‍ വെള്ളിയാഴ്ച അല്‍ഫിയ വീട് വിട്ട് കോവളത്തെത്തിയ കാര്യം ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് അഖില്‍ പറയുന്നത്.അല്‍ഫിയയുടെ ബന്ധുക്കളും അന്ന് തന്നെ കോവളത്തെത്തിയിരുന്നു. കോവളം പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തനിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അല്‍ഫിയ പറഞ്ഞിരുന്നു എന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച വൈകിട്ട് അല്‍ഫിയയുടെ വീട്ടുകാരും അഖിലിന്റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷന്‍ എസ് ഐയുടെയും വാര്‍ഡ് മെമ്പറുടെയും മധ്യസ്ഥതയില്‍ ആണ് ചര്‍ച്ച നടത്തിയത്.അല്‍ഫിയ അഖിലിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് പറഞ്ഞതോടെ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടില്‍ ശ്രീ മാടന്‍ തമ്പൂരാന്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ഇത് പ്രകാരം വിവാഹം നടക്കാനിരിക്കെയാണ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് അല്‍ഫിയയെ കൊണ്ടുപോയത്.അതേസമയം കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ച അല്‍ഫിയ അഖിലിനൊപ്പം പോകണം എന്നാണ് പറഞ്ഞത്. ഇത് മജിസ്‌ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇതോടെ ഇരുവരും കോവളത്തേക്ക് മടങ്ങി. പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയ പൊലീസിന്റെ നടപടി വിവാദമായിരുന്നു. അതേസമയം കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അല്‍ഫിയയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.