
ഗവിയിലേക്കോ കുട്ടനാട്ടേക്കോ കുമരകത്തേക്കോ എവിടേക്കായാലും നിങ്ങൾക്കായിതാ ആനവണ്ടി റെഡി. ഓരോ യാത്രയിലും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും നിങ്ങളെയെത്തിക്കാൻ ജീവനക്കാരും ഒരുമുഴം മുമ്പേയുണ്ട്. കിളിമാനൂർ ഡിപ്പോയിലെ കെഎസ്ആർടിസിയിലെ വിനോദയാത്രകളാണ് യാത്രികർക്ക് സന്തോഷം പകർന്ന് ജീവനക്കാരുടെ പ്രയത്നത്തെ വിജയത്തിലേക്ക് നയിച്ചത്.
ബജറ്റ് ടൂറിസം പദ്ധതിവഴി ഒരുക്കിയ വിനോദയാത്രയിൽ മെയ്, ജൂൺ മാസങ്ങളിൽമാത്രം ഡിപ്പോയിൽനിന്നും 13 വിനോദയാത്രയാണ് സംഘടിപ്പിച്ചത്. ഗവിയിലേക്ക് നാലും കൊച്ചിയിൽ ആഡംബര കപ്പലിലേക്ക് രണ്ടും തെന്മല, കുമരകം, കുട്ടനാട്, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. ആരാധനാലയങ്ങളിലേക്കുള്ള പാക്കേജും ഒന്നിലധികം ദിവസങ്ങളുള്ള വിനോദയാത്രകളും ഒരുക്കാറുണ്ട്. വിനോദയാത്രികർക്കുവേണ്ടി കിളിമാനൂർ ഡിപ്പോ വാട്‍സാപ് കൂട്ടായ്‌മ ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെയാണ് പ്രചാരണവും ആളെ കൂട്ടലും അഭിപ്രായം സ്വരൂപിക്കലും ഒക്കെ ചെയ്യുന്നത്. 16ന് അച്ചൻകോവിലേക്കും 20ന് ഗവിയിലേക്കും ഇതിനകം യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്.
42ലധികം വിനോദയാത്രകളാണ് ഇതിനോടകം കിളിമാനൂർ ഡിപ്പോയ്ക്ക് സംഘടിപ്പിക്കാനായത്. രണ്ടായിരത്തോളം യാത്രക്കാരെ ഇതിനോടകം കൊണ്ടുപോകാൻ കഴിഞ്ഞതിലും യാത്രക്കാരിൽ ഒരു ശതമാനംപോലും അസംതൃപ്തരില്ലെന്നതും ജീവനക്കാർക്ക് പ്രചോദനമാണ്. അതിനായി ഓരോ യാത്രികനും അത്രമാത്രം ശ്രദ്ധയും പരിഗണനയും ജീവനക്കാർ നൽകാറുണ്ട്. ഇതിനോടകം 12.5 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നേട്ടമാണ് വിനോദയാത്രകളിൽനിന്നും ഡിപ്പോയ്ക്ക് ലഭിച്ചത്. ശരാശരി ബസ് ഒന്നിന് 30,000 രൂപ ലഭിക്കുന്നു. ജീവനക്കാർക്ക് അധികമായി ഒരു രൂപ പോലും ശമ്പളം നൽകാതെയാണ് ഈ ലാഭം ഉണ്ടാക്കാൻ കഴിയുന്നത്. ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ പി സുകു, കോഓർഡിനേറ്റർ പി സുരേഷ് കുമാർ എന്നിവരാണ് നേതൃത്വം നൽകുന്നതെങ്കിലും സഹപ്രവർത്തകരായ ജീവനക്കാർ തന്നെയാണ് പദ്ധതി വിജയിക്കാൻ കാരണമെന്ന് ഇരുവരും പറയുന്നു.






