
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ജില്ലയിൽ രണ്ടിടത്ത്. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിലാണ് കൊറിയർ സർവീസ് തുടങ്ങിയത്. സാധാരണ കൊറിയർ സർവീസുകൾ ഈടാക്കുന്ന ഫീസിനേക്കാൾ 30ശതമാനം വരെ കുറവിലാണ് കെഎസ്‌ആർടിസി പാഴ്‌സൽ എത്തിക്കുന്നത്.
ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോടു ചേർന്നു സജ്ജീകരിച്ചിരിക്കുന്ന കൊറിയർ കൗണ്ടർ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണു പ്രവർത്തിക്കുക. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറാനാകും. അയക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും വിവരങ്ങൾ മെസേജായി ഫോണിൽ ലഭിക്കും. ഡിപ്പോ ടു ഡിപ്പോ സർവീസാണ് നിലവിലുള്ളത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്താകെ 55 ഡിപ്പോകളിലാണു കൊറിയർ ഓഫീസുകൾ തുറന്നത്. രണ്ടാം ഘട്ടത്തിൽ കൊറിയർ ഡോർ ടു ഡോർ സേവനവും ആരംഭിക്കും. തിരിച്ചറിയൽ രേഖ സഹിതം അയയ്ക്കേണ്ട മേൽവിലാസവുമായി ഡിപ്പോകളിൽ എത്തി കൊറിയർ നൽകിയാൽ അടുത്ത ബസിൽ എത്തേണ്ട സ്ഥലത്തെത്തിക്കും. പാഴ്സൽ ട്രാക്കിങ് സംവിധാനവുമുണ്ട്. ആദ്യഘട്ടത്തിൽ എല്ലാ കൊറിയർ ഓഫിസുകളിലേക്കും ഓരോ ജീവനക്കാരെയാണു നിയമിച്ചിരിക്കുന്നത്.





