പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ ഇനി മുതല്‍ പാരിതോഷികം. ഇത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി പുറത്തിറക്കി. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന ചിത്രങ്ങളും വീഡിയോകളും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വീഡിയോ വഴി അയച്ച് നല്‍കുന്നവർക്കായിരിക്കും പാരിതോഷികം ലഭിക്കുക.സംസ്ഥാനത്ത് മാലിന്യം വളരെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നടപടി. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികമായി നല്‍കും.മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടതെന്ന് തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. പരാതി ലഭിച്ച് കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അത് തീർപ്പാക്കണമെന്നതാണ് നിർദേശം. പരാതി നല്‍കി മുപ്പത് ദിവസത്തിനുള്ളില്‍ പിഴ ഈടാക്കി, വിവരം നല്‍കിയ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പാരിതോഷിക തുകയെത്തും. കാര്യങ്ങള്‍ വിശദമായി നിരീക്ഷിക്കന്‍ ഒരു രജിസ്റ്റർ ബുക്കും തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും. സധാരണഗതിയില്‍ പൊതുനിരത്തില്‍ മാലിന്യം തള്ളിയാല്‍ 250 രൂപയാണ് പിഴയായി വിധിക്കുന്നത്. എന്നാല്‍ ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നതിന് 5000 മുതല്‍ 50000 രൂപ വരെ പിഴ ചുമത്തുന്നു. പുതിയ നടപടിയിലൂടെ മാലിന്യം പൊതു നിരത്തില്‍ തള്ളുന്നത് പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.