സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക്‌ ബേബി കിറ്റുകൾ സമ്മാനിക്കുന്ന “എന്റെ കൺമണിക്ക് ആദ്യ സമ്മാനം’ പദ്ധതി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ ചേർന്ന്‌ ഉദ്ഘാടനംചെയ്തു. ഇതിന്റെ ഭാഗമായി ബേബി കിറ്റുകളുടെ ആദ്യഘട്ട വിതരണോദ്ഘാടനവും നടത്തി. കേരളവിഷനും എൻ എച്ച് അൻവർ ട്രസ്റ്റും ലുലു ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി. എം എ യൂസഫലിയാണ് പദ്ധതിയുടെ ചെലവ്‌ വഹിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പ്രതിവർഷം ഒന്നേകാൽ ലക്ഷം ശിശുക്കളാണ് ജനിക്കുന്നത്.
പുനലൂർ താലൂക്കാശുപത്രി സൂപ്രണ്ട് ലാൽ ജി തരകൻ കിറ്റുകൾ ഏറ്റുവാങ്ങി. കേരളവിഷൻ ചെയർമാൻ രാജ്മോഹൻ മാമ്പ്ര സമ്മേളനം ഉദ്ഘാടനംചെയ്‌തു. ബിനു ശിവദാസ് അധ്യക്ഷനായി. പുനലൂർ സോമരാജൻ, ബെന്നി വാഴപ്പിള്ളിൽ, പ്രകാശ് ചെന്നിത്തല, സുരേഷ്ബാബു, ശ്രീജിത് എസ് പിള്ള, മുരളീകൃഷ്ണൻ, ടി എം ജോൺ എന്നിവർ സംസാരിച്ചു. ഗാന്ധിഭവനിലെ അമ്മമാർക്ക്‌ യൂസഫലി നിർമിച്ചുനൽകിയ ബഹുനില മന്ദിരം ഉദ്ഘാടനവും ഗാന്ധിഭവനിലെ അമ്മമാർ നിർവഹിച്ചു.