മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ എന്നീ രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്നും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു.

പാൽ ഉത്പാദനം കൂടുതലുള്ള പശുക്കൾക്ക് മഴക്കാലത്ത് തണുപ്പിനോട് താദാത്മ്യം പ്രാപിക്കാൻ ഊർജം കൂടുതലായുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം. കന്നുകാലികളുടെ ആരോഗ്യം, തൊഴുത്ത്, ചാണകക്കുഴിയുടേയും പരിസരപ്രദേശങ്ങളുടേയും ശുചിത്വം, കറവക്കാരന്റെ ശുചിത്വം, കർഷകന്റെ ശുചിത്വം എന്നിവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ജൂൺ -ജൂലായ് മാസങ്ങളിൽ ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കർപ്പൂരം, കുന്തിരിക്കം, തുമ്പ് എന്നിവ പുകയ്ക്കണം. കാലിത്തീറ്റ, വയ്ക്കോൽ തുടങ്ങിയ തീറ്റ സാധനങ്ങൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം.

തൊഴുത്ത് വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കണം. തറയിൽ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കറവയ്ക്ക് മുൻപായി അകിട് വൃത്തിയായി കഴുകിത്തുടയ്ക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. അകിടിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളും നിസ്സാരമായി തള്ളിക്കളയാതെ ആവശ്യമായ ചികിത്സ നൽകണം. പൂർണമായും പശുവിനെ കറക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കറവക്ക് ശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നതുമൂലം അകിടുവീക്കം തടയാൻ സാധിക്കും.

ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കാവുന്നതാണ്.

പ്രതിരോധ കുത്തിവെപ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വകുപ്പ് അറിയിച്ചു.