അര്‍ബുദരോഗികളെ കനിവോടെ ചേർത്തു നിർത്തി ആത്മവിശ്വാസം പകർന്ന “അനിലേട്ടൻ’ ആർസിസിയിൽനിന്ന് പടിയിറങ്ങി. 36 വർഷമായി ആർസിസിയിൽ ജോലി ചെയ്യുന്ന കെ അനിൽകുമാർ നിർധനരായ നൂറുകണക്കിന് അര്ബുദരോഗികൾക്കാണ് കൈത്താങ്ങായത്. മെഡിക്കൽ റെക്കോഡ് ഓഫീസർ ഒന്ന് തസ്തികയിൽനിന്ന് കഴിഞ്ഞ 31നാണ് വിരമിച്ചത്. 1986ൽ മെഡിക്കൽ കോളേജിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ക്യാൻസർ സെന്ററിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. അന്നുമുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി. ആർസിസിയിൽ ജീവനക്കാരുടെ സംഘടന രൂപീകരിക്കാനും നേതൃത്വം നൽകി. ആർസിസി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആർസിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിരവധി പ്രവർത്തനങ്ങൾ അനിൽകുമാറിന്റെ നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. ആർസിസിയെ തകർക്കാൻ സ്വകാര്യ ലോബികൾ നിരന്തരം ശ്രമിച്ചപ്പോഴും ആർസിസിയെ സംരക്ഷിക്കാൻ അനിൽകുമാർ മുൻനിരയിലുണ്ടായിരുന്നു.
ആർസിസി എംപ്ലോയീസ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി, ആർസിസി ക്രെഡിറ്റ് കോ–- ഓപ്പറേറ്റീവ് സൊസൈറ്റി, കനിവ് ക്യാൻസർ ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകളുടെ ഔദ്യോഗിക സ്ഥാനങ്ങളിലും പ്രവർത്തിച്ചു.
നിലവിൽ കനിവ് ക്യാൻസർ കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയാണ്. ശ്രീകണ്ഠേശ്വരം സ്വദേശിയാണ്. ഭാര്യ: ആശ ആർ തമ്പി (കൺസ്യൂമർഫെഡ്), മകൾ: ഡോ. ആതിര.