
ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ തുടങ്ങിയവ ഓൺലൈൻ വിപണിയിലേക്ക്
സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് ധാരണാപത്രം ഒപ്പിട്ടു.
പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ എത്തിയത്. വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തമ്പി കോശിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന് ഇത് അഭിമാനകരമായ മുഹൂർത്തമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് വളരെ വിപുലമായ വിപണിയാണ് തുറക്കുന്നത്. ഒ.എൻ. ഡി. സി രാജ്യത്തിലെ തന്നെ വിശ്വസ്ത സ്ഥാപനമാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾക്ക് വിദേശത്തും ഏറെ ആവശ്യക്കാരുണ്ടെങ്കിലും സമയത്തിന് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇനി മുതൽ ഉത്പന്നങ്ങൾ ഓൺലൈനായി കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ, കേരള സോപ്‌സിന്റെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ലഭിക്കും.






