തിരുവല്ലം പരശുരാമ ക്ഷേത്ര വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കൈമാറി. മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ്‌  ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ രേഖകൾ കലക്ടർ ജെറോമിക് ജോർജ് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപന് കൈമാറി. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. 

വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. പൊതുജനങ്ങള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടത്താവളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആരാധനയ്‌ക്കൊപ്പം ആതുര സേവന സൗകര്യങ്ങളും ഏര്‍പ്പെടുത്തി ദേവസ്വങ്ങളും പൊതു സമൂഹത്തിന് കരുതലാവുകയാണ്. 

കാടാമ്പുഴ ക്ഷേത്രം ഡയാലിസിസ് സെന്റര്‍ ഇതിന്‌ മാതൃകയാണ്‌. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച ദേവാങ്കണം ഹരിതചാരുതം പദ്ധതി ക്ഷേത്രങ്ങളെല്ലാം ഏറ്റെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരശുരാമ ക്ഷേത്രത്തോട് ചേർന്ന് ആറ്‌ ഉടമകളിൽനിന്നായി 1.65 ഏക്കറാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. ബലിക്കടവ് നവീകരണത്തിനു പുറമേ പാർക്കിങ് സൗകര്യം, ശുചിമുറികൾ, വിശ്രമമുറികൾ, ക്ലോക്ക് റൂം, ലോക്കർ തുടങ്ങിയവയുമൊരുക്കും. 

റവന്യൂ ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ എസ് എസ് ജീവൻ, ജി സുന്ദരേശൻ, കൗൺസിലർ വി സത്യവതി, ജി ബൈജു, ബി എസ് പ്രകാശ് എന്നിവർ പങ്കെടുത്തു.