ലോകപ്രശസ്ത ജീവശാസ്ത്രജ്ഞനും കടയ്ക്കൽ GVHSS ലെ പൂർവ്വവിദ്യാർത്ഥിയുമായ പ്രൊഫസർ സത്യഭാമ ദാസ് ബിജു 2023 ജൂൺ 1 ന് പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി കടയ്ക്കൽ GVHSS ലെ കുട്ടികളോട് സംവദിക്കാനായി സ്കൂളിൽ നേരിട്ടെത്തുന്നു.


ദേശീയമായും അന്തർദേശീയമായും പ്രൊഫസർ എസ് ഡി ബിജുവിന്റെ പേര് ഉഭയ ജീവികളുടെ പര്യായമാണ്. “ഇന്ത്യയുടെ തവള മനുഷ്യൻ” എന്നറിയപ്പെടുന്ന അദ്ദേഹം ഉഭയജീവി വ്യവസ്ഥകൾ,പരിണാമം, സംരക്ഷണം എന്നിവയിൽ വിദഗ്ധനായ ഒരു ജീവശാസ്ത്രജ്ഞനാണ്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബോട്ടണിയിൽ തന്റെ ആദ്യ പി എച്ച് ഡി നേടിയശേഷം ഒരു സസ്യശാസ്ത്രജ്ഞനായി പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ ജോലി ചെയ്തുകൊണ്ട് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. പിന്നീട് ഉഭയ ജീവി സംവിധാനത്തിലും സംരക്ഷണത്തിലും ഗവേഷണം കേന്ദ്രീകരിക്കുകയും ഈ വിഷയത്തിൽ ബെൽജിയത്തിലെ ബ്രസലിലെ വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാമത്തെ പിഎച്ച്ഡി നേടുകയും ചെയ്തു.


ബെൽജിയത്തിൽ നിന്നും മടങ്ങിയെത്തിയ ശേഷം 2006 ൽ ഡൽഹി സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തിൽ ചേർന്ന അദ്ദേഹം ഇപ്പോൾ അവിടെ ഒരു സീനിയർ പ്രൊഫസർ ആണ്.നിലവിൽ അദ്ദേഹം യു എസിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഓർഗാനിസ്മിക് ആൻഡ് എവല്യൂഷണറി ബയോളജി ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് കൂടിയാണ്.
ഇന്ത്യൻ ഉഭയജീവി ഗവേഷണം, വിദ്യാഭ്യാസം,സംരക്ഷണം എന്നിവയിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഉഭയജീവികളെ കുറിച്ചുള്ള ഗവേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഹെർപ്പറ്റോളജിയിലും ടാക്സോണമിയിലും ഇത് ഒരു പുതിയ താൽപര്യം ജനിപ്പിക്കുകയും ആഗോളമായി ഉഭയജീവികളെക്കുറിച്ചുള്ള അറിവിനെയും നിലയെയും കാര്യമായി സ്വാധീനിക്കുകയും ചെയ്തു.

ജീവശാസ്ത്രത്തിലെ അടിസ്ഥാന വിഷയങ്ങൾ പിന്തുടരാൻ അദ്ദേഹം നിരവധി യുവ ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹം വഴികാട്ടിയ വിദ്യാർഥികൾ ഇന്ന് മുൻനിര അന്താരാഷ്ട്ര ഗവേഷകരാണ്.
നിരവധി അന്താരാഷ്ട്ര അവാർഡുകളിലൂടെ അദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.2022 ൽ കേരള സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ “കേരള ശ്രീ” യും ലഭിച്ചു.
കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിൽ ജനിച്ച് കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ പഠിച്ച് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി, സ്കൂളിന്റെ അഭിമാനമായി വളർന്ന പ്രൊഫസർ സത്യഭാമദാസ് ബിജുവിന് കടയ്ക്കലിന്റെ വിപ്ലവ മണ്ണിലേക്ക്….മാതൃ വിദ്യാലയത്തിലേക്ക് സ്വാഗതം

error: Content is protected !!