
2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീർഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളിൽ സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയത്. ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റുകളിലൂടെ വൈദ്യുതി ഉൽപ്പാദനം, കൊച്ചിയിലും വിഴിഞ്ഞത്തും ഗ്രീൻ ഹൈഡ്രജൻ വാലികൾ സ്ഥാപിക്കൽ, കൊച്ചിയിൽ ഗ്രീൻ ഹൈഡ്രജൻ ഉത്പാദന- ഉപഭോഗ-കയറ്റുമതി കേന്ദ്രം സ്ഥാപിക്കൽ, ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ്, ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ബാറ്ററി, ഇലക്ട്രിക് ഡ്രൈവ്, ബിഎംഎസ് സിസ്റ്റം, ഗ്രാഫീൻ പാർക്ക് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഇലക്ട്രിക് വാഹന പാർക്ക്, ഇലക്ട്രിക്, ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇ-മൊബിലിറ്റി സ്വീകരിക്കുന്നത് തുടങ്ങി ആറ് മുൻഗണനാ പദ്ധതികളിൽ ആണ് ലോകബാങ്ക് താൽപര്യമറിച്ചിരിക്കുന്നത്. ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി റ്റാനോ കൊയ്മെ എന്നീവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതികളിൽ ലോക ബാങ്ക് സംഘം താത്പര്യം പ്രകടിപ്പിക്കുകയും പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികൾ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലുണ്ടായിരുന്നു .ലോകബാങ്കുമായുള്ള സംസ്ഥാന പങ്കാളിത്ത ചട്ടക്കൂടിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വിവിധ പരിപാടികൾ/ പ്രോജക്ടുകൾ, തുടര്‍പരിപാടികൾ എന്നിവ സംഘം വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി സംഘം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സന്ദർശിച്ചു.


