
ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയ ആധുനിക ഉപകരണങ്ങൾ ഉദ്യോഗസ്ഥർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അളവുതൂക്ക പരിശോധനയുടെ നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാക്കുന്ന സംവിധാനമാണ് എൽ.എം.ഒ.എം.എസ് പോർട്ടൽ. 3.94 ലക്ഷം രൂപ ചെലവിൽ നവീകരിച്ച സുതാര്യം ആപ്പ് വഴി അളവുതൂക്ക പരിശോധന സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാം.
വി.കെ പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം അസ്ഗർ അലി പാഷ, ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ വി.കെ അബ്ദുൽഖാദർ, എൻ.ഐ.സി ഡപ്യൂട്ടി ഡയറക്ടർ ജനറൽ കെ.സി ആശാവർമ്മ, റീന ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.


