ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ ‘ഗ്രാമഭവൻ’ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമ്പൂർണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമാണ് ഗ്രാമഭവനുകൾ. ഗ്രാമപഞ്ചായത്തിന്റെ 18 വാർഡുകളിലും ഗ്രാമഭവനുകളിലൂടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കും. പരിശീലനം നേടിയ ഗ്രാമസഹായികളെ ഇതിനായി നിയോഗിക്കും. ഇവർക്ക് തിരിച്ചറിയൽകാർഡുകൾ നൽകിയിട്ടുണ്ട്.

വാർഡിലെ ജനപ്രതിനിധികളുടെ ഓഫീസായും അഗ്രോ ക്ലിനിക്കുകൾ, ആരോഗ്യ സബ് സെന്ററുകൾ, അങ്കണവാടി എന്നീ സ്ഥാപനങ്ങളുടെയും ഗ്രാമപഠന കേന്ദ്രം, വിജ്ഞാന കേന്ദ്രം, വാതിൽപ്പടി സേവനം, കോർണർ പി.റ്റി.എ വാർഡ് തല പുസ്തകശാല, കുടുംബശി എ.ഡി.എസ്., വാർഡ് ആസൂത്രണ സമിതി, ജാഗ്രതാ സമിതി, ഗ്രാമസഭ, ഹരിതകർമ്മ സേന, ആരോഗ്യസേന, സാനിറ്റേഷൻ കമ്മിറ്റി, സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനാ സംവിധാനങ്ങളുടെ ഏകോപന കേന്ദ്രമായും ഗ്രാമഭവനുകൾ പ്രവർത്തിക്കും. ഇതര വകുപ്പിലെ സേവന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനായി വാർഡ്തല സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററും ഗ്രാമഭവനിൽ ഒരുക്കും.

error: Content is protected !!