കുടുംബശ്രീയുടെ ഇരുപത്തിഅഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഒരു നാടിന്റെ പെൺകരുത്തിന്റെ വിജയം കൂടിയാണ് ഇത്.
പുരുഷന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാർക്ക പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ “സഹ്യ” വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ്.
വീട് നിർമ്മാണം അടക്കമുള്ള എന്തു പണിയും തങ്ങൾക്ക് ഉത്തരവാദിത്വത്തോടെ ചെയ്തുതീർക്കാൻ കഴിയുമെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിച്ചിരിക്കുകയാണ് ഈ നാൽവർ സംഘം. ജയ സജീവ് പ്രിയലത, അനിത സോണിയ എന്നിവർ അടങ്ങുന്നതാണ് ഈ പെൺകൂട്ടായ്മ.അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ 2019 സെപ്റ്റംബറിൽ 45 ദിവസം നീണ്ടുനിന്ന പരിശീലത്തിനുശേഷം അഞ്ചൽ പഞ്ചായത്തിലെ അഗസ്ത്യക്കോട്ട് ലൈഫ് വീടിന്റെ നിർമ്മാണത്തിലൂടെയാണ് ഇവർക്ക് ഈ രംഗത്ത് മുന്നേറാൻ കഴിയുമെന്ന് ആത്മവിശ്വാസം ലഭിച്ചത്,
തുടർന്ന് പഞ്ചായത്തിലെ ചെറിയ ചെറിയ വാർക്കപ്പണികൾ ഇവർ ഏറ്റെടുത്ത് നടത്തിയിരുന്നുങ്കിലും കാര്യമായ സാമ്പത്തിക നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ കഠിനാധ്വാനം ചെയ്യാനുള്ള മനസും, ആത്മവിശ്വാസവുമാണ് ഇപ്പോഴുള്ള വിജയത്തിനാധാരം.തുടക്കത്തിൽ 5 പേരുമായാണ് തുടങ്ങിയതെങ്കിലും ഒരാൾ പിന്നീട് മറ്റ് തൊഴിൽ തേടി പോകുകയായിരുന്നു
നിർമ്മാണ വഴിയിൽ കാര്യമായ സാമ്പത്തിക ലാഭം കിട്ടാതിരുന്ന സാഹചര്യത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയുടെ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മാണത്തിലേക്ക് ഇറങ്ങുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി നടത്തുന്ന വർക്ക് സൈറ്റുകളിൽ പൊതുജനങ്ങൾ അറിയുന്നതിനായി നിർബന്ധമായും ഉണ്ടാകണമെന്ന് വ്യവസ്ഥ പ്രകാരം സ്ഥാപിക്കുന്നതാണ് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ്.
ഇതിൽ പഞ്ചായത്തിന്റെ പേര്, വർക്കിന്റെ പേര്,തൊഴിൽ ദിനങ്ങൾ,അടങ്കൽ തുക,നിർമ്മാണ തീയതി എന്നിങ്ങനെയുള്ള വിവരങ്ങൾ എല്ലാം രേഖപ്പെടുത്തി പ്രദർശിപ്പിക്കുന്നതാണ് ഈ ബോർഡ്.
ഇടമുളയ്ക്കൽ സിഡിഎസ് വഴി ലഭിച്ച സ്റ്റാർട്ടപ്പ് ഫണ്ടായ 50000 രൂപ ഉപയോഗിച്ചാണ് സംരംഭത്തിന് തുടക്കമിട്ടത്. ആദ്യകാലങ്ങളിൽ ബോർഡ് നിർമ്മാണം നഷ്ടത്തിലായിരുന്നു സ്റ്റാറ്റസ് ഫണ്ടിന്റെ തിരിച്ചടവ് മുടങ്ങി ഈ പ്രതിസന്ധിയിലും തളരാതെ യൂണിറ്റ് അംഗങ്ങൾ സ്വരൂപിച്ച അമ്പതിനായിരം ഉപയോഗിച്ച് ബോർഡുകൾ നിർമ്മിച്ചു തുടങ്ങി.
യൂണിറ്റ് അംഗങ്ങളായ നാലുപേരും ഒരേമനസ്സോടെ അതിരാവിലെ മുതൽ അന്തിയോളം പണിയെടുത്തതിന്റെ ഫലമായി ഒരുദിവസം 25 മുതൽ 30 ബോർഡുകൾ വരെ നിർമ്മിക്കാൻ സാധിച്ചു.ഇടമുളയ്ക്കൽ പഞ്ചായത്തിലെ 22 വാർഡുകളിലായി നടത്തുന്ന തൊഴിലുറപ്പ് പദ്ധതി സൈറ്റുകളിൽ ഇവർ തന്നെ വാഹനങ്ങളിൽ ബോർഡുകൾ എത്തിച്ചു നൽകുന്നു. ഒരു ബോർഡിന്റെ വില 3000 രൂപയാണ് ജിഎസ്ടി കഴിച്ച് 2887 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്.എഴുത്തുകൂലി ബോർഡ് ഒന്നിന് 300 രൂപയാണ്. റിവോൾവിങ്ങ് ഫണ്ടായി ലഭിച്ച 50000 രൂപയും,ഇവർക്ക് സഹായമായി പിന്നീട് ലഭിച്ച സി ഐ എഫ് ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചു തീർത്തു.
ഇപ്പോൾ പ്രതിവർഷം ഒരു ലക്ഷത്തിലധികം രൂപ ജി എസ് ടി ഇനത്തിൽ ഇവർ സർക്കാരിലേക്ക് അടയ്ക്കുന്നുണ്ട്.അവരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും നിശ്ചയനത്തിന്റെയും പരിണിതഫലമായി സാമാന്യം മെച്ചപ്പെട്ട വരുമാനമാണ് ഇന്നിവർക്കുള്ളത് ഇനിയും കൂടുതൽ മികച്ച പദ്ധതികൾ ലഭിച്ചാൽ ഏറ്റെടുക്കാമെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്.