
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിങ് വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ വി സിന്ധുമോൾക്ക്. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശേരി അവാർഡാണ് സിന്ധു മോൾക്ക് ലഭിച്ചത്. സംസ്ഥാനതല നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.
ആതുര ശുശ്രൂഷാ രംഗത്ത് 20 വർഷത്തെ സേവന പരിചയമുണ്ട് സിന്ധുവിന്. 2003 ഒക്ടോബർ 24 ന് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ച സിന്ധുമോൾ ഡിസംബർ 15 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. നിലവിൽ ഫിസിക്കൽ മെഡിസിൻ ആന്‍ഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റിയാണ് നഴ്സുമാരെ അവാർഡിനായി തെരഞ്ഞെടുത്തത്.
ആർ ഭുവനേന്ദ്രൻ നായരുടെയും ഡി വിജയമ്മയുടെയും മകളായ സിന്ധുമോൾ പൗഡിക്കോണം പുതുകുന്ന് തിരുവാതിരയിലാണ് താമസം. മണക്കാട് ഓക്സ്ഫോർഡ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ബിജു ഭര്‍ത്താവാണ്. മക്കൾ: അനന്യ, അനീന.




