
ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 15,000ത്തോളം വരുന്ന കേഡറ്റുകൾക്ക് സ്ഥിരമായ പരിശീലനകേന്ദ്രം ഇല്ലാത്ത പ്രശ്നം കേന്ദ്രം വരുന്നതോടെ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂൾ, കോളജുകളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നിലവിൽ കേഡറ്റുകൾ പരിശീലനം നേടുന്നത്. ദുരന്തവേളകളിൽ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ പതിവ്. ഭക്ഷണം പാകം ചെയ്യാനോ മതിയായ ടോയിലറ്റ് ആവശ്യങ്ങൾക്കോ ഇവിടങ്ങളിൽ സൗകര്യമുണ്ടാകാറില്ല. ഈ കുറവുകളില്ലാതെ ദുരിതഘട്ടങ്ങളിൽ നാടിനു താങ്ങാവുംവിധമാണ് കേന്ദ്രം സജ്ജമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കേഡറ്റുകൾക്കു പുറമെ, കാശ്മീർ മുതൽ കന്യാകുമാരി വരെനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കും പരിശീലനം നൽകാനാണ് കേന്ദ്രം. പ്രതിരോധസേനാ വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനത്തിന് പുറമെ, ഫയറിംഗ്, ഒബ്സ്റ്റക്കിൾ കോഴ്സ്, മലകയറ്റം, തുടങ്ങിയവയിലുള്ള പരിശീലനവും നൽകാൻ കഴിയുംവിധമാണ് കേന്ദ്രം ഒരുങ്ങുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ജില്ലയിലെ കേഡറ്റുകളുടെ ദീർഘകാലസ്വപ്നമായ പരിശീലനകേന്ദ്രത്തിന് സർക്കാർ അനുവദിച്ച കല്ലറയിലെ മൂന്നര ഏക്കർ ഭൂമിയിലാണ് നിർമ്മാണം ആരംഭിക്കുന്നത്. പരിശീലനകേന്ദ്രത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻ 5.05 ഏക്കർ ഭൂമി കൂടി അനുവദിക്കാനുള്ള സർക്കാർ നടപടികൾ അന്തിമഘട്ടത്തിലാണ്. ഹെലിപ്പാഡ് ഉൾപ്പെടെയുള്ള പരേഡ് ഗ്രൗണ്ടിന്റെ നിർമ്മാണോദ്ഘാടനത്തോടെയാണ് കേന്ദ്രത്തിന്റെ നിർമ്മാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവുക.


