ആശ്രാമം മൈതാനത്ത് ചരിത്രം തീർത്ത് ദേശീയ സരസ് മേള സമാപിച്ചു. ഏപ്രിൽ 27 മുതൽ ആരംഭിച്ച മേളയിൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാംസ്കാരിക, ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയത് ആറു ലക്ഷത്തിലേറെ പേരാണ്. 15 കോടിയിലധികം വിറ്റുവരവ് നേടി. ഫുഡ് കോർട്ടിൽ നിന്ന് മാത്രം വൈകിട്ട് ആറുവരെ 1.30 കോടി രൂപയുടെ വരുമാനമുണ്ടായി. സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു.

കുടുംബശ്രീ പ്രവർത്തകരുടെ ദൃഢനിശ്ചയത്തിന്റെ വിജയമാണ് ദേശീയ സരസ് മേള തീർത്ത റെക്കോഡെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ സംവിധാനത്തെ തകർക്കാനുള്ള ശ്രമത്തിനുള്ള മറുപടിയാണിത്. മികച്ച സംഘാടനമാണ് സിഡിഎസ് മുതൽ ജില്ലാതലത്തിൽവരെ ഉണ്ടായത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ബ്രാൻഡ് ചെയ്തു വിൽക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഓൺലൈൻ വിപണനവും നടപ്പാക്കും. കുടുംബശ്രീയ്ക്ക് തനതായ ഓഫീസും സംവിധാനവും  സജ്ജമാക്കുന്നതിനുള്ള സഹകരണവും മന്ത്രി ഉറപ്പു നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ അധ്യക്ഷനായി. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. കലക്ടർ അഫ്സാന പർവീൺ, കൊട്ടാരക്കര മുനിസിപ്പല്‍ ചെയർമാൻ എസ് ആർ രമേശ്‌, സ്ഥിരം സമിതി അധ്യക്ഷരായ ഹണി ബെഞ്ചമിൻ, ജയൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ ഹർഷകുമാർ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ സി സുജാത, സിന്ധു വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- –-ഓര്‍ഡിനേറ്റർ ആർ വിമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച ഇതരസംസ്ഥാന സംരംഭകയ്ക്കുള്ള പുരസ്കാരത്തിന് ഗോവയിൽ നിന്നുള്ള ഡ്രൈ ഫ്ലവർ വിറ്റഴിച്ച ധനലക്ഷ്മി എസ്എച്ച്ജി അംഗം ഫർസാന അർഹയായി. സംസ്ഥാനത്തെ മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരം ചിരട്ട കൊണ്ടുള്ള കൗതുക വസ്തുക്കൾ വിറ്റഴിച്ച മൈനാഗപ്പള്ളി ദേവി സിഡിഎസ് അംഗം സരള സ്വന്തമാക്കി. 

കേരളത്തിലെ മികച്ച ഫുഡ് കൗണ്ടറിനുള്ള അവാർഡ് കണ്ണൂരിലെ വെണ്മ സംരംഭ ഗ്രൂപ്പിനും മികച്ച ഇതരസംസ്ഥാന ഫുഡ് കോർട്ടിനുള്ള അവാർഡ് രാജസ്ഥാനിൽ നിന്നുള്ള ബാലാജി എസ്എച്ച്ജി ഗ്രൂപ്പിനും ലഭിച്ചു. 

കേരളത്തിൽ നിന്നുള്ള ഫുഡ് കോർട്ട് വിഭാഗത്തിൽ കൂടുതൽ വിറ്റുവരവ് ലഭിച്ചത് കാസർകോട് നിന്നുള്ള സൽക്കാര ഗ്രൂപ്പിനാണ്. ഇവർക്ക് ബെസ്റ്റ് ബിസിനസ് പ്രാക്ടീസ് അവാർഡ് ലഭിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഫുഡ് കോർട്ടിൽ കൂടുതൽ വിറ്റുവരവ് ലഭ്യമായ അരുണാചൽ പ്രദേശിൽ നിന്നുള്ള ദിസൈ ഗ്രൂപ്പിന് ബെസ്റ്റ് പെർഫോമിങ് അവാർഡ് നേടി.

ഫുഡ് കോർട്ട് പ്രത്യേക പരാമർശം- പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ചോലൈ പെരുമൈ സംഘത്തിനും ഒരുമ യൂണിറ്റും സ്വന്തമാക്കി. ദേശീയ സരസ് മേളയിലെ ലോഗോ തയ്യാറാക്കിയ ബിന്നി നീരാവിലിനെ പുരസ്കാരം നൽകി ആദരിച്ചു.