
കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം.
നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2021 തുടക്കത്തിൽ 10,000ത്തോളം സബ്സ്‌ക്രൈബേഴ്സ് മാത്രമുണ്ടായിരുന്ന ചാനലിന് രണ്ട് വർഷത്തെ പ്രവർത്തനങ്ങളിലൂടെ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സിലേക്ക് എത്താൻ കഴിഞ്ഞു. 2023 ജനുവരി 26ന് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ചുവട് 2023 അയൽക്കൂട്ട സംഗമമെന്ന പരിപാടിയോട് അനുബന്ധിച്ച് വൻതോതിൽ സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം വർദ്ധിപ്പിച്ചു.
ആറ് മാസങ്ങൾ നീണ്ടുനിൽക്കുന്ന വ്യാപകമായ ക്യാമ്പയിനാണ് മില്യൺ പ്ലസ്. വിവിധ മത്സരങ്ങൾ, ചുവട് അയൽക്കൂട്ട സംഗമം മാതൃകയിൽ പരമാവധി സബ്സ്‌ക്രൈബേഴ്സിനെ ഒറ്റ ദിനം വർധിപ്പിക്കുന്ന രീതിയിലുള്ള പരിപാടികൾ, ഇൻഫൊ വീഡിയോകൾ ഉൾപ്പെടെ വൈവിധ്യമാർന്ന വീഡിയോകൾ തയാറാക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്യൽ, വ്ലോഗേഴ്സ്, ഇൻഫ്ളുവൻസേഴ്സ് മീറ്റ് പോലുള്ള പ്രവർത്തനങ്ങൾ, യൂട്യൂബ് ചാനൽ വഴി തത്സമയ പരിപാടികൾ, കുടുംബശ്രീയുടെ വിവിധ ഇവന്റുകളിൽ കുടുംബശ്രീ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഹെൽപ്പ്ഡെസ്‌ക്കുകളുടെ പ്രവർത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സംയോജനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.


