ലോകത്തിലെ തന്നെ കഠിനവും കീഴടക്കാൻ ഏറെക്കുറെ അസാധ്യമെന്നും കരുതുന്ന അൾട്രാ റൺ 250ൽ (250 കിലോമീറ്റർ മാരത്തൺ ഓട്ടം) ലക്ഷ്യം കൈവരിച്ച്‌ കൊല്ലം സ്വദേശി സുബാഷ് ആഞ്ചലോസ്. ഇറ്റലിയിലെ “കോമോ” തടാകത്തിനു ചുറ്റും കഴിഞ്ഞ മൂന്നുദിവസമായി നടന്ന മത്സരത്തിൽ 90 മണിക്കൂർകൊണ്ട് 250 കിലോമീറ്റർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലെത്താൻ സുബാഷ് എടുത്തത് 78 മണിക്കൂറും 22 മിനിറ്റും 21 സെക്കൻഡും. സുബാഷിനു പുറമെ ഇറാനി സ്വദേശിയായ സോഹേരെയും ലക്ഷ്യംനേടി. ലെക്കോയിലെ പിയാസ കപ്പുച്ചിനിയിൽനിന്ന് 10നു വൈകിട്ട്‌ ആറിനാണ് മത്സരം ആരംഭിച്ചത്.

പ്രൊഫഷണൽ അത്‌ലറ്റുകൾക്കു മാത്രം സാധ്യമാകുന്ന ഒരു കായിക മത്സരമാണ് “അൾട്രാ റൺ 250’. കൃത്യമായ റൂട്ടുകൾ അടയാളപ്പെടുത്താത്തതിനാൽ മത്സരാർഥികളെ  ജിപിഎസ് വഴിയാണ് സംഘാടകർ പിന്തുടരുന്നതും അവരുടെ ട്രാക്കുകൾ റെക്കോഡ് ചെയ്‌തതും. 90 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കേണ്ട മത്സരത്തിനായി ഭക്ഷണം, വിശ്രമം ഉൾപ്പെടെയുള്ളവയ്ക്ക് ആറുമണിക്കൂര്‍ ഇടവിട്ട് 15 –– 20 മിനിറ്റാണ് അനുവദിക്കുക. 

നിരവധി സാഹസിക അത്‌ലറ്റിക്‌ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള സുബാഷിന് ഒമാനിൽ “അയേൺ മാൻ” പട്ടം കിട്ടിയിട്ടുണ്ട്. അൾട്രാ റൺ 250 ജീവിതത്തിൽ നേടിയ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്നും മാനസികവും ശാരീരികവുമായി നേരിട്ട വെല്ലുവിളികളെ കീഴടക്കുന്ന ആവേശം വാക്കുകൾക്ക്‌ അതീതമാണെന്നും സുബാഷ് ആഞ്ചലോസ് പറഞ്ഞു. 15 വർഷമായി ഒമാനില്‍ ബിസിനസ്‌ നടത്തിവരുന്ന സുബാഷ്‌ കുടുംബസമേതം അവിടെയാണ്. സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ്‌ അംഗമായ സുബാഷ് കുണ്ടറ കാഞ്ഞിരക്കോട് ചർച്ച് വ്യൂവിൽ  ടി എം സെബാസ്റ്റ്യന്റെയും സലോമയുടെയും മകനാണ്. സിസിയാണ് ഭാര്യ. മക്കള്‍: കെവിൻ, നെവിൻ.


error: Content is protected !!