ജില്ലാ ലൈബ്രറി വികസനസമിതി നേതൃത്വത്തിൽ കൊല്ലം പുസ്‌തകോത്സവത്തിന്‌ ബുധൻ ഇന്നസെന്റ് നഗറിൽ (കൊല്ലം ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ട്‌) തുടക്കമാകും. 28ന്‌ സമാപിക്കും. എൺമ്പതോളം പ്രസാധകരുടെ പുസ്‌തകങ്ങൾ ലഭ്യമാകുമെന്ന്‌ സമിതി ചെയർമാൻ കെ ബി മുരളീകൃഷ്‌ണൻ, കൺവീനർ ഡി സുകേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രാന്റായി ലഭിച്ച ഒന്നേമുക്കാൽ കോടി രൂപയ്ക്ക് ജില്ലയിലെ 808 ലൈബ്രറികൾ പുസ്തകങ്ങൾ വാങ്ങും. ബുധൻ രാവിലെ പത്തിന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ദീപം തെളിക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു ആദ്യ പുസ്തകവിൽപ്പന നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ അംഗം എസ് നാസർ മുഖ്യപ്രഭാഷണം നടത്തും. പകൽ രണ്ടുമുതൽ പുസ്തക പ്രകാശനം. വൈകിട്ട് ആറിന് മലയാളത്തിലെ ആദ്യ പൊയട്രി ബാൻഡായ കൊച്ചി കോപ്പ ബാൻഡ്‌ അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്‌.

ഇരുപത്തഞ്ചിനു രാവിലെ 10ന് ‘പൊതുബോധ നിർമിതിയും അച്ചടിമാധ്യമങ്ങളും’ വിഷയത്തിൽ സെമിനാർ നടക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു ഉദ്ഘാടനംചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ അംഗം വള്ളിക്കാവ് മോഹൻദാസ് വിഷയാവതരണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ്‌മേനോൻ മോഡറേറ്ററാകും. വൈകിട്ട് ആറിന് ശാസ്താംകോട്ട ഇടം അവതരിപ്പിക്കുന്ന നാടകം ആർട്ടിക്. 26ന് രാവിലെ 10ന് ‘നവകേരള നിർമിതിയും വനിതാശാക്തീകരണവും’ വിഷയത്തിൽ നടക്കുന്ന വനിതാസെമിനാർ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യും. മുൻ എംപി സി എസ് സുജാത വിഷയം അവതരിപ്പിക്കും. വൈകിട്ട് ആറിന് നാടകം മറഡോണ. 27ന് രാവിലെ 10ന് ‘കവിതയും വർത്തമാനവും’ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വി സാംബശിവൻ സ്മാരക കഥാപ്രസംഗമത്സരം. 28ന് രാവിലെ 10ന് ‘ഗ്രന്ഥശാലാപ്രസ്ഥാനം ചരിത്രവും വളർച്ചയും’ സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ അഡ്വ. എൻ ഷൺമുഖദാസ്, പ്രദീപ് എന്നിവരും പങ്കെടുത്തു


error: Content is protected !!