
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുഴ പുനരുജ്ജീവന പദ്ധതി ‘ഒഴുകും ഞാൻ ഉയിരോടെ’, നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. മടവൂർ, പളളിക്കൽ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകി ഇത്തിക്കരയാറ്റിൽ പതിക്കുന്ന പടിഞ്ഞാറ്റേല- മൂഴിയിൽഭാഗം -ഈരാറ്റിൽ വലിയതോടാണ് ശുചീകരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ച തോടിന്റെ 20 കിലോമീറ്ററോളം ദൂരം പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കും.
ക്യാമ്പയിന്റെ ഭാഗമായി വിളംബരജാഥയും പുഴനടത്തവും സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മൈനർ ഇറിഗേഷൻ, മണ്ണ് സംരക്ഷണം, റവന്യു എന്നീ വകുപ്പുകളുടെ സഹകരണവും പദ്ധതി നടത്തിപ്പിനുണ്ട്. പളളിക്കൽ ഗ്രാമപഞ്ചായത്തിലെ ഈരാറ്റിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ എന്നിവരും പങ്കെടുത്തു.


