സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി മത്സ്യബന്ധന ബോട്ടിൽ കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന വള്ളം വിഴിഞ്ഞം തീരദേശ പോലീസ് പിടികൂടി.ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന വള്ളം ശ്രദ്ധയിൽപ്പെട്ട തീരദേശ പോലീസിന്റെ പട്രോൾ സംഘം ബോട്ട് തടഞ്ഞുനിർത്തി, തുടർന്ന് കാര്യങ്ങൾ തിരക്കിയ പോലീസ് വള്ളം തീരത്ത് അടിപ്പിക്കാൻ നിർദ്ദേശം നൽകി വള്ളം ഓടിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ടോണി, ജോയി എന്നിവർക്കെതിരെ കേസെടുത്ത ശേഷം തുടർ നടപടിക്കായി മറൈൻ എൻഫോഴ്‌സ്മെന്റിന് വള്ളം കൈമാറി.10 വയസ്സിന് താഴെ പ്രായമുള്ള മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങിയ സംഘമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.