
കേരളത്തിലെ ഗിഗ് പ്ലാറ്റ് ഫോം വർക്കർ, കടയിലും വാണിജ്യ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികൾ എന്നിവരുടെ ക്ഷേമത്തിനായി രൂപീകരിച്ച കേരള സ്റ്റേറ്റ്സ് ഷോപ്പ്സ് ആൻഡ് ഫെഡറൽ സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മെയ് 10ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സഹകരണ സംഘം രൂപീകരിച്ചത്. ഉച്ചയ്ക്ക് 12ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മെമ്പർഷിപ്പ് വിതരണോദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും. സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറും. മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.


