കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. സ്‌കൂളുടെ പരിസരത്ത് പോലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കണം. സമീപത്തെ കടകളുള്‍പ്പടെ പരിശോധന നടത്തും. ലഹരി ഉപയോഗത്തില്‍ കൂടുതല്‍ കേസുകള്‍ വരുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ജൂണ്‍ ആദ്യ വാരം തന്നെ പരിശോധനകളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ അവശ്യപ്പെട്ടിട്ടുണ്ട്.
ചവറ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ജില്ലയിലെ പ്രവേശനോത്സവം ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ പുസ്തക വിതരണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ബാക്കിയുള്ളവ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. യൂണിഫോം വിതരണവും പൂര്‍ത്തിയായി. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. അപകടകരമായ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ല. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്ക്കരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സ്‌കൂള്‍ പാചക തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായി എടുക്കണം. ഇതിനുള്ള സൗകര്യം സ്‌കൂള്‍ നില്‍ക്കുന്ന പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
സ്‌കൂളുകള്‍ക്ക് സമീപമുള്ള റോഡുകളില്‍ സുരക്ഷാ സിഗ്നലുകള്‍, അടയാളങ്ങള്‍ എന്നിവ സ്ഥാപിക്കും. എല്ലാ സ്‌കൂളുകളിലും ശുചീകരണം പൂര്‍ത്തിയാക്കണം. സ്‌കൂള്‍ പരിസരത്തുള്ള വൈദ്യുത ലൈനുകള്‍, ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയുടെ പരിശോധന പൂര്‍ത്തിയായി. അസംബ്ലികളില്‍ കെ എസ് ഇ ബിയുടെ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സിനും സൗകര്യമൊരുക്കും. വിദ്യാര്‍ഥികളുടെ ശാരീരിക മാനസിക സുരക്ഷയെ ബാധിക്കുന്ന ഒന്നിലും വിട്ടുവീഴ്ച ഉണ്ടാകരുതെന്നും യോഗം നിര്‍ദേശം നല്‍കി. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.