കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പിന്തുണയ്ക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ (KED) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (EDC) സംഘടിപ്പിക്കുന്ന ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് നിലവിൽ സംരംഭങ്ങൾ നടത്തിവരുന്ന സംരക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സംരംഭം കടന്ന് പോകുന്ന വിവിധ ഘട്ടങ്ങളെ അപഗ്രഥിച്ച് നിരന്തര ഇടപെടലിലൂടെ മാനേജ്മെന്റ് വൈദഗ്ധ്യത്തിലൂടെ അടുത്ത 6 മാസം കൊണ്ട് അടുത്ത ഘട്ടത്തിൽ എത്തിക്കുന്നതാണ് പരിപാടി. ബിസിനസിൽ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് അതാത് മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിനും തുടർച്ചയായ ഇടവേളകളിൽ സംരംഭത്തിന്റെ പുരോഗതി വിലയിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനും ഇത് സഹായിക്കും.
സംരംഭകർക്ക് അവരുടെ പതിവ് ബിസിനസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താതെ പങ്കെടുക്കാൻ കഴിയുന്ന രീതിയിലായിരിക്കും പ്രോഗ്രാം നടപ്പിലാക്കുന്നത്. എം എസ് എം ഇ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയിൽ പിന്തുണയ്ക്കുക; എം എസ് എം ഇ യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളർച്ചാ കേന്ദ്രീകൃതവുമാക്കു; ബിസിനസുകളുടെ മൊത്തത്തിലുള്ള വളർച്ചയും തൊഴിൽ സൃഷ്ടിയും; മെന്റർഷിപ്പ് സെഷനുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ശരിയായ ബിസിനസ് നിർദേശങ്ങൾ നൽകുക എന്നിങ്ങനെ നിരവധി ലക്ഷ്യത്തോടെയാണ് ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
35 ലക്ഷത്തിനും 50 കോടിയ്ക്കും ഇടയിൽ വാർഷിക വിറ്റ് വരവുള്ള 10 വർഷത്തിന് താഴെയായി കേരളത്തിൽ പ്രവർത്തിച്ച് വരുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാം. താത്പര്യമുള്ള സംരംഭകൻ www.edckerala.org വെബ്‌സൈറ്റ് മുഖേനെ മെയ് 20 ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322/ 2532890/ 7012376994/9605542061