
ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങൾക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുക, പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് കായിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക/അതിനുള്ള സഹായം നല്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഗവ. എയ്ഡഡ് സ്‌കൂൾ/ക്ലബ്ബുകൾ/കായിക സംഘടനകൾ, സർക്കാർ ഓഫീസുകളിലെ സ്‌പോർട്‌സ് റിക്രിയേഷൻ ക്ലബ്ബുകൾ, അന്താരാഷ്ട്ര/ദേശീയ നിലവാരത്തിലുള്ള കായിക താരങ്ങൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
സ്‌പോർട്‌സ്/ ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഗവ.എയ്ഡഡ് സ്‌കൂൾ/ ക്ലബ്ബുകൾ/ കായിക സംഘടനകൾ, സർക്കാർ ഓഫീസുകളിലെ സ്‌പോർട്‌സ് റിക്രിയേഷൻ ക്ലബ്ബുകൾ എന്നിവയ്ക്കും, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും, ആധുനിക കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും കായിക താരങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാർഗരേഖ എന്നിവ www.sportskerala.org യിൽ ലഭിക്കും. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന സ്‌കൂളുകൾ, സംഘടനകൾ, കായിക താരങ്ങൾ എന്നിവർ മാർഗരേഖയിൽ പ്രതിപാദിക്കുന്ന രേഖകൾ ഉൾപ്പെടെ ജൂൺ 20 നു മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2326644.


