
കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 37 സ്മാർട്ട് അങ്കണവാടിയിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ (3 മുതൽ 6 വയസ്സ് വരെ) പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും എല്ലാ വർഷവും പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.


