
പുനലൂർ വിദ്യാഭ്യാസ ജില്ലാ തലത്തിൽ കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പി.റ്റി.എ പ്രസിഡൻ്റുമാരുടെയും ജനപ്രതിനിധികളുടെയും യോഗം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ തുറക്കുന്നതിനു മുൻപായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളുടെ യോഗം വിളിച്ചു ചേർക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം വിളിച്ചു ചേർത്തത്.

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുക, സ്കൂൾ പ്രവർത്തനത്തിൽ പി.റ്റി.എ യുടെ പങ്ക് വിശകലനം ചെയ്യുക, സ്കൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വിവിധ പോരായ്മകളും പരാതികളും ചർച്ച ചെയ്യുക, സ്കൂളിൻ്റെ ഭരണപരവും അക്കാദമികവുമായ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുക, ലഹരി വിരുദ്ധ ക്യാമ്പിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുക, തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ ചർച്ചകൾ നടന്നു. യോഗത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ പി.റ്റി.എ പ്രസിഡണ്ടുമാർ സ്കൂളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ചടയമംഗലം എ ഇ ഒ ബിജു പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു


