
നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴാതെ കുരുന്നുകൾക്കായി രക്ഷയുടെ കരങ്ങൾ നീട്ടുകയാണ് ഒരു കുടുംബം. പന്ത്രണ്ട് വയസ്സുകാരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം നടത്തുന്ന നീന്തൽ പരിശീലനമാണ് ശ്രദ്ധേയമാകുന്നത്. സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് നീന്തൽ പരിശീലനം നൽകുന്നത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ പരിശീലകനാണ് ഏഴാം ക്ലാസ് വിദ്യാർഥി യദുകൃഷ്ണൻ. രാവിലെ എട്ടിന് തുടങ്ങുന്ന പരിശീലനം പല ബാച്ചുകളിലായി വൈകുവോളം നീളും. പരിശീലനത്തിനൊപ്പം വെള്ളത്തിൽവച്ചുള്ള അപകടത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും രക്ഷാഉപകരണങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകുന്നുണ്ട്. മുങ്ങിമരണങ്ങൾ ഇല്ലാത്ത കേരളമാണ് തന്റെ ആഗ്രഹമെന്ന് യദുകൃഷ്ണൻ പറയുന്നു. അച്ഛൻ രതീഷ് ലൈഫ് ഗാർഡായി ജോലിചെയ്തു വരികയാണ്. ജോലി കഴിഞ്ഞുള്ള സമയത്താണ് രതീഷിന്റെ പരിശീലനം. അതുവരെ നീന്തൽ പഠിക്കാൻ എത്തുന്നവർക്ക് അമ്മയും മകനും ചേർന്നാണ് പരിശീലനം നൽകുക. കരുനാഗപ്പള്ളി, തുറയിൽ കുന്നിലുള്ള പരിശീലന കേന്ദ്രത്തിൽ രാവിലെ മുതൽ കുട്ടികളും മുതിർന്നവരും പരിശീലനത്തിനായി എത്തും. ഈ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഡിആർ സ്വിമ്മിങ് അസോസിയേഷൻ വർഷങ്ങളായി മൂവായിരത്തിലധികം പേർക്ക് നീന്തൽ പരിശീലനം നൽകിക്കഴിഞ്ഞു.
ഓരോ ജലാശയങ്ങളും വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ളതായതിനാൽ ഓരോന്നിന്റെയും പ്രത്യേകത മനസ്സിലാക്കി വേണം അവയെ സമീപിക്കേണ്ടതെന്നാണ് ജലസുരക്ഷയുടെ പ്രധാന പാഠമെന്ന് ഡോൾഫിൻ രതീഷ് പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വളരെ പ്രധാന്യം കൊടുക്കേണ്ടതാണ് നീന്തൽ പരിശീലനത്തിന്. അതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും ആരോഗ്യമുള്ള ഒരു കായിക തലമുറയെ വാർത്തെടുക്കാനും സഹായകമാകും. സ്കൂൾ പാഠ്യ പദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുക്കണമെന്നും ഈ കുടുംബം പറയുന്നു.


