കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയതോടെ സബ്‌സെന്ററുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടു. ആഴ്ചയിൽ ആറു ദിവസവും ഒമ്പതു മണി മുതൽ നാലു മണിവരെ പ്രവർത്തിക്കും. ഇതോടെ കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കും. സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഉപകേന്ദ്രങ്ങൾ സ്മാർട്ടായി മാറുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പതുതരം ലാബ് പരിശോധനകളും എലിപ്പനി പ്രതിരോധ മരുന്ന് ഉൾപ്പെടെ 36 തരം മരുന്നുകളും ലഭ്യമായിരിക്കും. ജനകീയ ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബുകൾ രൂപീകരിക്കും. രോഗപ്രതിരോധ ബോധവൽക്കരണം, ജീവിതശൈലിയെക്കുറിച്ച മാർഗനിർദേശങ്ങൾ, സാന്ത്വന പരിചരണം, വയോജന പരിചരണം തുടങ്ങിയവ ക്ലബ്ബുകൾ മുഖേന നടപ്പാക്കും. കേരളത്തിലെ ആരോഗ്യമേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിർത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5,409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തയാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായ വാർഷിക പരിശോധന, മറ്റ് ക്യാമ്പയിനുകൾ, രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടിൽ നടപ്പിലാക്കുക. ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സബ്സെന്റർ വെൽഫെയർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

error: Content is protected !!