
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും മുഖം മിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം കേരളത്തിൽ 324 വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കൊല്ലത്ത്-45, പാലക്കാട്-34, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ 33 വീതം, കോഴിക്കോട്-27, കാസർകോട്-21, കോട്ടയം-23, ഇടുക്കി-19, കണ്ണൂർ-17, ആലപ്പുഴ-16, മലപ്പുറം, പത്തനംതിട്ട 15 വീതം, വയനാട്-14, എറണാകുളം-12 എന്നിങ്ങനെയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കണക്ക്.

377 വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിച്ചു. കണ്ണൂർ-59, മലപ്പുറം, കോഴിക്കോട് 47 വീതം, കാസർകോട്-39 ഉം വില്ലേജ് ഓഫീസുകൾ നവീകരിച്ച് സ്മാർട്ട് ആക്കി. 219 വില്ലേജ് ഓഫീസുകൾക്ക് ചുറ്റുമതിലും നിർമിച്ചു.
അടുത്ത ആറ് മാസത്തിനുള്ളിൽ 139 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കാനും റവന്യു വകുപ്പ് ലക്ഷ്യമിടുന്നു. പാലക്കാട്-26, കണ്ണൂർ-21, ആലപ്പുഴ-17, ഇടുക്കി-15, പത്തനംതിട്ട-13, കാസർകോട്-11, കോഴിക്കോട്-9, തിരുവനന്തപുരം-7, തൃശൂർ-6, കോട്ടയം-5, കൊല്ലം-4, എറണാകുളം, വയനാട് രണ്ട് വീതം, മലപ്പുറം-1 എന്നിങ്ങനെയാണ് സ്മാർട്ടാകുന്ന വില്ലേജ് ഓഫീസുകൾ.

സാധാരണ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും പുറമേ ഫ്രണ്ട് ഓഫീസ് സംവിധാനം , വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടൊയ്‌ലറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടൊയ്‌ലറ്റ് എന്നിവ ഉറപ്പാക്കുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ.
2022-23 സാമ്പത്തിക വർഷം ഒരു വില്ലേജിന് 50 ലക്ഷം രൂപയും 2021-22, 2020-21 സാമ്പത്തിക വർഷങ്ങളിൽ ഒരു വില്ലേജിന് 44 ലക്ഷം രൂപയും വീതം സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് സർക്കാർ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് ആരംഭിച്ച റവന്യു ഇ-സർവീസസ് ആപ്പ് 50,000 ത്തിലേറെ ആളുകൾ പ്രയോജനപ്പെടുത്തി വരുന്നു. 50,000 ത്തിലേറെ പേർ പ്ലേ സ്റ്റോർ വഴി ഇതിനകം റവന്യൂ ഇ-സർവ്വീസസ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിൽ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാളെ വീതം റവന്യു സേവനങ്ങൾ ആവശ്യമാകുന്ന ഘട്ടങ്ങളിൽ നേരിട്ട് ഓൺ ലൈനായി പ്രാപ്തമാക്കാൻ കഴിയുന്ന വിധം ബഹുജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിക്കാനും റവന്യു വകുപ്പ് ലക്ഷ്യമിടുന്നു.


