*നൽകിയത് 35 വർഷത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ തുക

സംസ്ഥാനത്തെ വനിത/ട്രാൻസ്ജെൻഡർ സംരംഭകർക്ക് വായ്പ നൽകുന്നതിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് റെക്കോർഡ് നേട്ടം. 2022-23 സാമ്പത്തിക വർഷം 260.75 കോടി രൂപ വനിതാ വികസന കോർപ്പറേഷൻ വായ്പ വിതരണം ചെയ്തു. 35 വർഷത്തെ പ്രവർത്തനത്തിൽ കോർപ്പറേഷൻ വായ്പ നൽകുന്ന ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കൾക്കായാണ് ഈ തുക വായ്പയായി നൽകിയത്. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ വായ്പ തിരിച്ചടവിലും റെക്കോർഡ് തുകയാണ് കോർപ്പറേഷന് ലഭിച്ചിട്ടുള്ളത്. 174.78 കോടി രൂപയാണ് തിരിച്ചടവ് ഇനത്തിൽ കോർപ്പറേഷന് ലഭിച്ചിട്ടുള്ളത്.

വിവിധ ദേശീയ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ സൂക്ഷ്മ, ചെറുകിട, സംരംഭക മേഖലകളിലെ വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിൽ കോർപ്പറേഷൻ വായ്പയായി നൽകുന്നുണ്ട്. സ്ത്രീകൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി വിവിധ കോഴ്സുകൾ ചെയ്യുന്നതിലേക്കായി 3-5% വരെ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പയും കോർപ്പറേഷൻ ലഭ്യമാക്കുന്നുണ്ട്. സംരംഭകർക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകി ശരിയായ ദിശയിൽ അവരുടെ വ്യവസായം ലാഭകരമാക്കി മാറ്റുന്നതിന് സഹായകരമാകുന്ന ‘പ്രോജക്ട് കൺസൾട്ടൻസി വിങ്’ എന്ന നൂതന പദ്ധതി 2023-24 സാമ്പത്തിക വർഷം ആരംഭിക്കുന്നതിനും കോർപറേഷൻ ലക്ഷ്യമിടുന്നു.

ആറ് ദിവസം നീളുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലൂടെ വനിതകൾ/ട്രാൻസ്ജെൻഡർ എന്നിവർക്ക് സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഭാവിയിൽ സ്വയംപര്യാപ്തത നേടാനുള്ള സാഹചര്യം കോർപ്പറേഷൻ മുഖേന വഴിയൊരുക്കുന്നു. സ്ഥാപനത്തിന് കീഴിലുള്ള റീച്ച് ഫിനിഷിംങ് സ്‌കൂളിൽ വനിതകൾക്കായി വിവിധ സർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകുന്നുണ്ട്. ഇതുവരെ ഒന്നര ലക്ഷത്തിലധികം ട്രെയിനിങ് ദിനങ്ങൾ കൈവരിക്കുകയും 6500-ഓളം വനിതകൾക്ക് പരിശീലനം നൽകുകയും ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനത്ത് രൂപീകൃതമായതോടെ വകുപ്പിന് കീഴിൽ പുതിയ ദിശാബോധത്തോടെയുള്ള പ്രവർത്തനമാണ് കോർപ്പറേഷൻ കാഴ്ചവയ്ക്കുന്നത്.

സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടാണ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ രൂപീകരിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സംരംഭക, വിദ്യാഭ്യാസ വായ്പകൾ കോർപ്പറേഷൻ ലഭ്യമാക്കുന്നുണ്ട്. 140 കോടി രൂപയിൽ നിന്നും സർക്കാർ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയർത്തിയതു കൊണ്ടു മാത്രമാണ് വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചത്.