
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ “കനിവ് –-108’ ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങൽ കോരാണി സ്വദേശിനിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ രാത്രി 11.30 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽനിന്നെത്തിയ ആംബുലൻസ് സ്ഥലത്തെത്തി യുവതിയുമായി എസ്എടി ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
കഴക്കൂട്ടം എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില വഷളായി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് നടത്തിയ പരിശോധനയിൽ പ്രസവം നടത്താതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്നുമനസിലാക്കി ആംബുലൻസിൽ ആവശ്യമായ സജീകരണങ്ങൾ ഒരുക്കുകയായിരുന്നു.
പുലർച്ചെ 12.10ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഉടൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി വിവേക് ഇരുവർക്കും പ്രഥമ ശുശ്രൂഷനൽകി. ശേഷം ആംബുലൻസ് പൈലറ്റ് സുജിത്ത് ഇരുവരെയും എസ്എടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖംപ്രാപിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.


