
സമയബന്ധിതമായി സേവനം ലഭിക്കൽ പൗരന്റെ അവകാശം: മന്ത്രി എം.ബി രാജേഷ്
തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ നിലവിൽ വന്നു. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട വകുപ്പായതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. പക്ഷേ, അവ അതാത് തലങ്ങളിൽ തീർപ്പാക്കാൻ സ്ഥിരം സംവിധാനം ഇല്ലായിരുന്നു. ഇതിനെ തുടർന്നാണ് ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സ്ഥിരം അദാലത്ത് സംവിധാനം ഏർപ്പെടുത്തിയതെന്ന് വെബ് പോർട്ടൽ ചെയ്തുകൊണ്ട് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
സമയബന്ധിതമായി സർക്കാറിൽ നിന്ന് സേവനങ്ങൾ ലഭിക്കൽ ഏതൊരു പൗരന്റേയും അവകാശമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എപ്പോഴെങ്കിലും നടത്തുന്ന അദാലത്ത് ആയിരുന്നു മുമ്പ് പരാതികൾ പരിഹരിക്കാനുള്ള പോംവഴി. പക്ഷേ, ഒട്ടേറെ പരാതികൾ ഇത്തരത്തിൽ പരിഹരിക്കുന്നത് വളരെ ദുഷ്‌കരമായ ഒന്നാണ്. അതിനുപകരമാണ് ഇപ്പോൾ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ഉപജില്ല തലത്തിൽ 10 ദിവസം കൂടുമ്പോൾ സ്ഥിരം അദാലത്ത് ചേരണം. ജില്ലാതലത്തിൽ ഓരോ 15 ദിവസം കൂടുമ്പോഴും സംസ്ഥാനതലത്തിൽ ഓരോ മാസത്തിലും അദാലത്ത് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. താഴെ തലത്തിൽ ഒരുതരത്തിലും പരിഹരിക്കാനാവാത്ത പരാതികൾ മാത്രമേ മുകളിലെ അദാലത്തിലേക്ക് വിടാൻ പാടുള്ളൂ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം ആയ മെയ് 20 ഓടെ സ്ഥിരം അദാലത്ത് സമിതിയുടെ ആദ്യ യോഗം ചേരാൻ കഴിയണം. മെയ് 10 നകം പോർട്ടൽ പൂർണരീതിയിൽ പ്രവർത്തനസജ്ജമാകണമെന്നും മന്ത്രി നിർദേശിച്ചു.
സ്ഥിരം അദാലത്ത് സംവിധാനം വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപകരിക്കും. ഇതോടെ വകുപ്പിന് മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളായ മാലിന്യനിർമാർജനം, പ്രാദേശിക സാമ്പത്തിക സമാഹരണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പ്രാദേശിക സാമ്പത്തിക വികസനത്തിൽ ചുക്കാൻ പിടിക്കുക എന്ന പ്രധാന ചുമതല തദ്ദേശസ്വയംഭരണ വകുപ്പിന് ഇനി ഏറ്റെടുക്കാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് നിലവിലെ ചുമതലകൾ ഭംഗിയായി ചെയ്യേണ്ടതുണ്ട്. അത് നിർവഹിക്കാൻ സഹായിക്കുന്നതാണ് സ്ഥിരം അദാലത്തുകൾ. പരാതികൾ അല്ലെങ്കിൽ അപേക്ഷകൾ തീർപ്പാക്കാൻ എടുക്കുന്ന കാലതാമസത്തിന് പറയുന്ന ന്യായീകരണം പലപ്പോഴും ന്യായമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


