
വി സാംബശിവൻ സാംസ്‌കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 23ന് വി സാംബശിവൻ അനുസ്‌മരണം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രമൈതാനത്ത് ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ബിനോയ് വിശ്വം എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ പങ്കെടുക്കും.
വി സാംബശിവൻ സ്മാരക ദേശീയ പുരസ്‌കാരം നാടകപ്രതിഭ കെ എം ധർമന് എം വി ഗോവിന്ദൻ കൈമാറും. 25,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം. ജസ്റ്റിസ് കെ സുകുമാരൻ, ജസ്റ്റിസ് സിരിജഗൻ, പ്രൊഫ. എം കെ സാനു എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഥാപ്രസംഗ പ്രസ്ഥാനത്തിന് സമഗ്ര സംഭാവന നൽകിയ തൊടിയൂർ വസന്തകുമാരിക്ക് കാഥികരത്ന പുരസ്കാരവും സീന പള്ളിക്കരയ്ക്ക് കാഥികപ്രതിഭ പുരസ്കാരവും നൽകും.
വാർത്താസമ്മേളനത്തിൽ സമിതി രക്ഷാധികാരി വി സുബ്രഹ്മണ്യൻ, പ്രസിഡന്റ് ആർ ഷാജിശർമ, ഡോ. വസന്തകുമാർ സാംബശിവൻ, ആർ സന്തോഷ് എന്നിവർ പങ്കെടുത്തു.

